സഞ്ജു എന്തുകൊണ്ട് ഏഷ്യൻ ഗെയിംസ് ടീമിൽ ഇല്ല? വിശദീകരിച്ച് മുൻ സിലക്ടർ

Mail This Article
മുംബൈ∙ മലയാളി താരം സഞ്ജു സാംസണെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉൾപ്പെടുത്താത്തതിന്റെ കാരണം വിശദീകരിച്ച് മുൻ ഇന്ത്യന്‍ താരം സാബ കരീം. സഞ്ജു ഇന്ത്യൻ ടീമിന്റെ പ്ലാനുകളുടെ ഭാഗമായിരുന്നതുകൊണ്ടാണ് താരത്തെ ചൈനയിലേക്ക് അയക്കാത്തതെന്നു സാബ കരീം പ്രതികരിച്ചു. ‘‘ഏകദിന ലോകകപ്പിൽ കെ.എൽ. രാഹുൽ ഫിറ്റല്ലെങ്കിൽ, അദ്ദേഹത്തിനു പകരക്കാരൻ സഞ്ജുവായിരുന്നു. പക്ഷേ ഇപ്പോൾ രാഹുൽ ഫിറ്റ്നസ് നേടിക്കഴിഞ്ഞു. അതുകൊണ്ടാണ് സഞ്ജു ടീമിനൊപ്പം ഇല്ലാത്തത്.’’– സാബ കരീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിനെ ഗെയിംസ് തുടങ്ങുന്നതിന് ഒരു മാസം മുൻപൊക്കെയാണു പ്രഖ്യാപിച്ചത്. അന്നു സഞ്ജുവിന് പ്രധാന ടീമിലേക്കു സിലക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. താരത്തെ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാതിരിക്കുന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജു സാംസൺ. ഭാവിയിൽ അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.’’– സാബ കരീം പ്രതികരിച്ചു.
ഏഷ്യൻ ഗെയിംസ്, ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ് ടീമുകളില്‍ സഞജുവിനെ കളിപ്പിക്കാൻ ബിസിസിഐ തയാറായിരുന്നില്ല. ഏകദിന ക്രിക്കറ്റിൽ ബാറ്റിങ് മികവ് തെളിയിച്ചിട്ടും ബിസിസിഐ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. ഏഷ്യാകപ്പിൽ റിസർവ് താരമായി സഞ്‍ജുവും ഇന്ത്യൻ ക്യാംപിലുണ്ടായിരുന്നു. എന്നാൽ കെ.എൽ. രാഹുൽ പരുക്കുമാറി ടീമിനൊപ്പം ചേർന്നതോടെ സഞ്ജുവിനെ നാട്ടിലേക്കു മടക്കിഅയച്ചു.
English Summary: Ex-India Selector Explains The Reason Behind Sanju Samson Not Being Named In Asian Games Squad