പാക്ക് താരങ്ങളെ കാണാൻ തടിച്ചുകൂടി ആരാധകർ, ടീം പരിശീലനം തുടങ്ങി- വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ വരവേൽപ്. നൂറു കണക്കിന് ആരാധകരാണ് പാക്ക് താരങ്ങളെ കാണാനും ചിത്രങ്ങളെടുക്കാനും വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. താരങ്ങൾ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഷഹീന്‍ അഫ്രീദിയുടേയും ബാബർ അസമിന്റെയും പേരുകൾ ആരാധകർ വിളിക്കുന്നുണ്ട്.
ഇന്ത്യയിലെത്തിയതിന്റെ വിഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ ടീം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിലാണു പാക്കിസ്ഥാൻ താരങ്ങൾക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ ജീവനക്കാർ താരങ്ങളെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സന്നാഹ മത്സരത്തിനു മുന്നോടിയായി പാക്ക് ടീം വ്യാഴാഴ്ച ഹൈദരാബാദിൽ പരിശീലനവും തുടങ്ങി.
7 വർഷത്തിനു ശേഷമാണ് പാക്ക് ടീം ഇന്ത്യയിലെത്തുന്നത്. 2016 ട്വന്റി20 ലോകകപ്പിനായാണ് അവസാനമായി പാക്കിസ്ഥാൻ ഇന്ത്യയിൽ എത്തിയത്. നാളെ ന്യൂസീലൻഡിനെതിരെ ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബർ മൂന്നിന് ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തിലും ആരാധകർക്കു പ്രവേശനമുണ്ടാകില്ല.
English Summary: Pakistan cricket team start practice for ODI World Cup