ഹൈദരാബാദിൽ പാക്ക് പതാക വീശിയതിന് അറസ്റ്റിലായിട്ടില്ല, ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് ബഷീർ ചാച്ച
Mail This Article
ഹൈദരാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തുമ്പോൾ പാക്കിസ്ഥാന്റെ പതാക വീശിയ സംഭവത്തിൽ തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സൂപ്പർ ഫാൻ മുഹമ്മദ് ബഷീർ. പാക്കിസ്ഥാന്റെ കടുത്ത ആരാധകനായ മുഹമ്മദ് ബഷീർ, ബഷീർ ചാച്ച എന്ന പേരിലാണ് അറിയപ്പെടുന്നത്. സുരക്ഷാ കാരണങ്ങൾകൊണ്ടു പതാക വീശരുതെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ബഷീര്‍ ചാച്ച ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
പാക്കിസ്ഥാന്റെ പതാകയുമായി എത്തിയതിനു താൻ അറസ്റ്റിലായിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടില്ലെന്നും ബഷീർ ചാച്ച പ്രതികരിച്ചു. ബഷീർ ചാച്ചയെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ‘‘സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് പാക്കിസ്ഥാന്റെ പതാക കൊണ്ടുപോയി. ടീം വിമാനത്താവളം വിട്ടുപോയപ്പോൾ അതു തിരികെ തന്നു. ഇന്ത്യയിലെത്തിയപ്പോൾ എനിക്കു ലഭിച്ച സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ട്.’’– ബഷീർ ചാച്ച വ്യക്തമാക്കി.
‘‘ഇന്ത്യയില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. മികച്ച സ്വീകരണം ഒരുക്കിയ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോടു ഞാന്‍ നന്ദി അറിയിക്കുന്നു.’’– ബഷീർ ചാച്ച പറഞ്ഞു. പാക്കിസ്ഥാൻ ടീമിന്റെ മത്സരങ്ങൾ ഉള്ള ഇടങ്ങളിലെല്ലാം എത്തുന്ന ആരാധകനാണ് ബഷീർ ചാച്ച. ഏഴു വര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ടീം ഹൈദരാബാദിലാണു പരിശീലിക്കുന്നത്.
ലോകകപ്പിനു മുൻപ് പാക്കിസ്ഥാൻ– ന്യൂസീലൻഡ് സന്നാഹ മത്സരം കാണാൻ ബഷീർ ചാച്ചയ്ക്കു സാധിച്ചിരുന്നില്ല. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട സ്റ്റേഡിയത്തിലാണു കളി നടത്തിയത്. അഞ്ച് വിക്കറ്റിനാണ് കിവീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടിയപ്പോൾ ന്യൂസീലൻഡ് 43.4 ഓവറിൽ ലക്ഷ്യം കണ്ടു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാൻ സെഞ്ചറി (103) നേടി. രചിൻ രവീന്ദ്ര (97), കെയ്ൻ വില്യംസൻ (59), ഡാരിൽ മിച്ചൽ (59), മാർക്ക് ചാപ്മാൻ (65 നോട്ടൗട്ട്) എന്നിവർ കിവീസിനായി അർധ സെഞ്ചറി നേടി.
English Summary: I was not detained at Hyderabad Airport, says Pakistan super fan