വിരാട് കോലിയുടെ വീട്ടിൽ പാക്ക് താരങ്ങൾക്കു വിരുന്നോ? വിവാദത്തിൽ സത്യം ഇതാണ്
Mail This Article
മുംബൈ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ താരം വിരാട് കോലി വിരുന്നൊരുക്കുമെന്ന ട്വീറ്റിനെച്ചൊല്ലി വൻ വിവാദം. വിരാട് കോലിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നാണ് ഈ ട്വീറ്റ് പ്രചരിച്ചത്. ‘‘ഏഴു വർഷത്തിനു ശേഷം പാക്കിസ്ഥാൻ താരങ്ങൾക്ക് എന്റെ രാജ്യത്തേക്കു സ്വാഗതം. എന്റെ സുഹൃത്തുക്കൾക്കു പ്രത്യേകിച്ച് ശതബ് ഖാന് എന്റെ വീട്ടിൽ വിരുന്നൊരുക്കും.’’– എന്നാണ് എക്സ് പ്ലാറ്റ്ഫോമിൽ വ്യാജന്റെ പ്രതികരണം.
ഇതോടൊപ്പം പാക്കിസ്ഥാൻ താരങ്ങൾ ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. വിരാട് കോലിയുടെ വെരിഫൈഡ് അക്കൗണ്ടിൽനിന്നല്ല ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കോലിയുടേത് ശരിക്കുള്ള പ്രതികരണമാണെന്നു കരുതി ആരാധകരിൽ പലരും സമൂഹമാധ്യമങ്ങളിൽ വിമർശിച്ചിരുന്നു. എന്നാൽ പാക്ക് താരങ്ങളുടെ വരവിനെക്കുറിച്ച് കോലി എക്സ് പ്ലാറ്റ്ഫോമിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതാണു സത്യം.
കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ താരങ്ങൾ ഹൈദരാബാദിൽ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തിന് അകത്തും പുറത്തും നിരവധി ആരാധകർ താരങ്ങളെ കാണാനെത്തിയിരുന്നു. ഹൈദരാബാദിൽ തന്നെയാണ് താരങ്ങളുടെ പരിശീലനം. ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനെ അഞ്ചു വിക്കറ്റുകൾക്കു കീഴടക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട സ്റ്റേഡിയത്തിലാണു മത്സരം നടത്തിയത്.
English Summary: Kohli didn’t announce party for Pakistan team, his parody account did