കാര്യവട്ടത്ത് മഴക്കളി; ഓസ്ട്രേലിയ- നെതർലൻഡ്സ് മത്സരം ഉപേക്ഷിച്ചു, ഇന്ത്യൻ ടീം ഇന്നെത്തും
Mail This Article
തിരുവനന്തപുരം ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്ട്രേലിയ– നെതർലൻഡ്സ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. മഴമൂലം 23 ഓവറാക്കിചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സ് 14.2 ഓവറിൽ 6ന് 84 എന്ന സകോറിൽ നിൽക്കുമ്പോൾ വീണ്ടും മഴയെത്തി. അതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
167 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മാക്സ് ഒഡൗഡ് (0), വൺഡൗൺ ബാറ്റർ വെസ്‌ലി ബരേസി (0) എന്നിവരെ നഷ്ടമായി. പേസർ മിച്ചൽ സ്റ്റാർക്കിനായിരുന്നു രണ്ടു വിക്കറ്റും. അടുത്ത ഓവറിൽ ബാസ് ഡെ ലീഡിനെയും (0) മടക്കി സ്റ്റാർക്ക് ഹാട്രിക് തികച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ, അർധ സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്താണ് (55) ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.
ഇന്ത്യൻ ടീം ഇന്നെത്തും
ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നു തലസ്ഥാനത്തെത്തും. ഗുവാഹത്തിയിൽ നിന്നു പ്രത്യേക വിമാനത്തിലാണ് ടീം തിരുവനന്തപുരത്ത് എത്തുന്നത്. ന്യൂസീലൻഡ് ടീം ഇന്നലെ ഉച്ചയോടെ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. ടീം ഇന്ന് പരിശീലനത്തിനിറങ്ങും. നാളെ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ ഇന്ത്യൻ ടീം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. ചൊവ്വാഴ്ചയാണ് ഇന്ത്യ നെതർലൻഡ്സ് മത്സരം.
English Summary : Australia vs Netherlands match Abandoned