ഇത് അനീതി, 100 മീറ്റർ സിക്സടിച്ചാൽ 10 റൺസ് വേണം: രോഹിത് ശർമയുടെ ‘ആവശ്യം’

Mail This Article
മുംബൈ∙ ക്രിക്കറ്റിലെ വലിയ സിക്സുകൾക്കു കൂടുതൽ റൺസ് അനുവദിക്കണമെന്ന നിലപാടുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായം വ്യക്തമാക്കിയത്. ഒരു ബാറ്റർ അടിക്കുന്ന സിക്സ് 90 മീറ്റർ ഉണ്ടെങ്കിൽ അതിന് എട്ട് റൺസും 100 മീറ്റർ ഉണ്ടെങ്കിൽ 10 റൺസും നൽകണമെന്നാണ് രോഹിത് ശര്‍മയുടെ അവകാശവാദം. വമ്പൻ അടികൾക്കു പേരുകേട്ട രോഹിത് ശർമയെ ‘ഹിറ്റ്മാൻ’ എന്നാണ് ക്രിക്കറ്റ് ആരാധകർ വിളിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ സിക്സ് അടിച്ച രണ്ടാമത്തെ താരമാണ് രോഹിത് ശർമ.
551 സിക്സുകളാണ് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. 553 സിക്സുകളുമായി വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്‍ലാണ് സിക്സുകളിൽ ഒന്നാമൻ. യുട്യൂബ് വിഡിയോയിൽ ക്രിക്കറ്റിൽ കൊണ്ടുവരാൻ താൽപര്യമുള്ള ഒരു നിയമത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു രോഹിത് ശർമ മനസ്സു തുറന്നത്. ‘‘ഒരു ബാറ്റർ 90 മീറ്ററുള്ള സിക്സാണ് അടിക്കുന്നതെങ്കിൽ അതിന് എട്ട് റൺസ് നൽകണം. 100 മീറ്റർ സിക്സാണെങ്കില്‍ 10 റൺസ്. ഇപ്പോൾ പന്ത് ബൗണ്ടറി ലൈനിന് തൊട്ടപ്പുറത്തു വീണാലും ഒരുപാട് ദൂരെ വീണാലും ആറു റൺസ് മാത്രമാണു കിട്ടുന്നത്.’’– രോഹിത് ശർമ പറഞ്ഞു.
‘‘ക്രിസ് ഗെയ്ൽ, കീറൺ പൊള്ളാര്‍ഡ് എന്നിവരൊക്കെ 100 മീറ്ററുള്ള സിക്സുകളാണ് അടിക്കുന്നത്. ഞങ്ങൾ പന്ത് ഉയരത്തിൽ അടിച്ച്, അത് ബൗണ്ടറി ലൈനിന് തൊട്ട് അപ്പുറത്തുവിട്ടാൽ അതിനും കിട്ടും ആറ് റൺസ്. അതു കുറച്ച് അനീതിയായാണു തോന്നുന്നത്.’’– രോഹിത് ശർമ പറഞ്ഞു. ഇന്ത്യൻ ടീമിനൊപ്പം ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് രോഹിത് ശർമയിപ്പോൾ. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
English Summary: “10 Runs For 100m Six”: Rohit Sharma Wants ICC To Make This One Rule Change