ലോകകപ്പ് കിട്ടില്ല, പക്ഷേ സാധ്യതയുള്ള ടീമുകളുടെ വഴിമുടക്കും; ചെറിയ വലിയ ടീംസ്!

Mail This Article
ലോകകപ്പ് നേടാനായില്ലെങ്കിലും കപ്പ് നേടാൻ സാധ്യതയുള്ള പല ടീമുകളുടെയും വഴിമുടക്കി ‘ആനന്ദം’ കണ്ടെത്തുന്നവരാണ് ബംഗ്ലദേശും അഫ്ഗാനിസ്ഥാനും നെതർലൻഡ്സും ഉൾപ്പെടെയുള്ള കുഞ്ഞൻ ടീമുകൾ. വമ്പൻമാരായ ടീമുകളെ അട്ടിമറിക്കാമെന്ന പ്രതീക്ഷയുമായാണ് ഇത്തവണയും ഇവർ ലോകകപ്പിനെത്തുന്നത്.
അഫ്ഗാനിസ്ഥാൻ
ഐസിസി റാങ്കിങ്: 9
ക്യാപ്റ്റൻ: ഹഷ്മത്തുല്ല ഷഹിദി
മികച്ച പ്രകടനം: 2015ലും 2019ലും ഗ്രൂപ്പ് ഘട്ടം
മൂന്നാം ഏകദിന ലോകകപ്പിനിറങ്ങുന്ന അഫ്ഗാനിസ്ഥാന്റെ പ്രഥമ ലക്ഷ്യം ഒന്നിൽക്കൂടുതൽ മത്സരങ്ങൾ ജയിക്കുക എന്നതാണ്. ഇതുവരെ കളിച്ച 15 ലോകകപ്പ് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് അവർക്കു ജയിക്കാൻ സാധിച്ചത്. റഹ്മാനുല്ല ഗുർബാസ്, റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ് തുടങ്ങിയ ട്വന്റി20 സ്പെഷലിസ്റ്റുകളാണ് ടീമിന്റെ ശക്തി. റാഷിദ്– മുജീബ്– നൂർ സ്പിൻ ത്രയത്തിന്റെ പ്രകടനം ഇന്ത്യൻ പിച്ചുകളിൽ നിർണായകമാകും. എന്നാൽ ബാറ്റിങ് നിരയെ മുന്നിൽ നിന്നു നയിക്കാൻ ഒരു സ്പെഷലിസ്റ്റ് ബാറ്റർ ഇല്ലെന്നത് ടീമിന്റെ പോരായ്മയാണ്.
ബംഗ്ലദേശ്
ഐസിസി റാങ്കിങ്: 8
ക്യാപ്റ്റൻ: ഷാക്കിബ് അൽ ഹസൻ
മികച്ച പ്രകടനം: 2015ൽ ക്വാർട്ടർ ഫൈനൽ
അട്ടിമറി വിജയങ്ങൾക്കു പേരുകേട്ട ബംഗ്ലദേശിനു പക്ഷേ, ഏകദിന ലോകകപ്പിൽ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 2015 ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നതൊഴിച്ചാൽ ഇതുവരെ ലോകകപ്പ് ടൂർണമെന്റുകളിൽ ഗ്രൂപ്പ് ഘട്ടം പിന്നിടാൻ അവർക്ക് സാധിച്ചിട്ടില്ല. മെഹദി ഹസൻ മിറാസ്, മഹദി ഹസൻ, തൗഹിദ് ഹൃദോയ്, ലിറ്റൻ ദാസ് തുടങ്ങിയ യുവതാരങ്ങളാണ് ബംഗ്ലദേശിന്റെ കരുത്ത്. ഭേദപ്പെട്ട പേസ് നിരയുണ്ടെങ്കിലും സ്പെഷലിസ്റ്റ് സ്പിന്നർമാരുടെ അഭാവം ടീമിന് തലവേദനയാണ്.
നെതർലൻഡ്സ്
ഏകദിന റാങ്കിങ്: 14
ക്യാപ്റ്റൻ: സ്കോട്ട് എഡ്വേഡ്സ്
മികച്ച പ്രകടനം: 1996, 2003, 2007, 2011 ഗ്രൂപ്പ് സ്റ്റേജ്
2015, 2019 ലോകകപ്പുകളിൽ കാഴ്ചക്കാരായി പുറത്തിരിക്കേണ്ടി വന്ന ഡച്ച് പട ഇത്തവണ ക്വാളിഫയർ മത്സരം കളിച്ചാണ് ഏകദിന ലോകകപ്പിനുള്ള ടിക്കറ്റെടുത്തത്. ഒരു അവകാശവാദവുമില്ലാതെയാണ് നെതർലൻഡ്സ് ടീം ലോകകപ്പിനെത്തുന്നത്. അതുകൊണ്ടുതന്നെ ഒന്നിലധികം മത്സരങ്ങൾ ജയിച്ച് ആത്മവിശ്വാസത്തോടെ മടങ്ങാനാകും ഡച്ച് ടീമിന്റെ ആഗ്രഹം. ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ്സ്, മാക്സ് ഒഡൗഡ്, ബാസ് ഡെ ലീഡ്, വിക്രം സിങ് എന്നീ മുൻനിര ബാറ്റർമാരിലാണ് നെതർലൻഡ്സിന്റെ പ്രതീക്ഷ.
English Summary: ICC ODI World Cup Team Analysis: Afghanistan, Bangladesh, Netherlands