‘ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്ക് താരങ്ങൾക്ക് ഭയം; ഏഷ്യാ കപ്പിൽ അതു കണ്ടു’: വെളിപ്പെടുത്തി മുൻ ക്യാപ്റ്റൻ

Mail This Article
ഇസ്‌ലാമാബാദ്∙ ഏകദിന ലോകകപ്പിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തി കഴിഞ്ഞു. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ട പാക്ക് പട, രണ്ടാം സന്നാഹത്തിൽ ഓസ്ട്രേലിയയെ നേരിടും. ഒക്ടോബർ ആറിനു നെതർലൻഡ്‌സിനെതിരായ മത്സരത്തോടെയാണ് പാക്കിസ്ഥാന്റെ ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. ഏറെ കാത്തിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മത്സരം 14ന് അഹമ്മദാബാദിലാണ്. അതേസമയം, ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്ക് താരങ്ങൾക്ക് ഭയമുണ്ടെന്നു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ മോയിൻ ഖാൻ.
‘‘ഞാൻ അത് 100% കണ്ടു. പാക്ക് താരങ്ങൾക്ക് പേടിയുണ്ട്. റിസ്‍വാനായാലും ഷദാബായാലും ഷഹീനായാലും ബാബറിന് നിർദേശങ്ങൾ നൽകാൻ പോലും അവർ മടിച്ചു. ചർച്ചകളൊന്നും നടന്നില്ല നിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവ പാലിക്കപ്പെടുന്നില്ല. ബാബർ നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും അവർ പ്രവർത്തിക്കുന്നില്ല.’’– ഏഷ്യാ കപ്പിലെ ബാബറിന്റെയും സംഘത്തിന്റെയും പ്രകടനം വിശകലനം ചെയ്യുന്നതിനിടെ മോയിൻ ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.
‘‘ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ താരങ്ങൾ ഭയക്കുന്നു എന്നതാണ് മറ്റൊരു കാര്യം. നിർദേശങ്ങൾ നൽകാൻ പോലും സാധിക്കാത്ത രീതിയിൽ ഭയമുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, നിങ്ങളുടെ കഴിവിൽ വിശ്വസിക്കണം. നിങ്ങൾ 100% സംഭാവന നൽകണം. നിർദേശങ്ങൾ തെറ്റിയാലും കുഴപ്പമില്ല, അത് സംഭവിക്കും. എന്നാൽ നിങ്ങൾക്ക് ജയിക്കണോ എന്ന് നിങ്ങളുടെ ശരീരഭാഷ കാണിക്കുന്നു, അതു ദൃശ്യമായിരുന്നില്ല. ഡ്രസ്സിങ് റൂമിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്കറിയാം, ഒരു പ്രഫഷനൽ സ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ മികച്ച പ്രകടനം നടത്താൻ അതു തടസ്സമാകരുത്. നിങ്ങൾ മുന്നോട്ട് പോകണം.’’– മോയിൻ കൂട്ടിച്ചേർത്തു.
English Summary: "Players Get Scared": Pakistan Great's Confession Ahead Of India Clash In World Cup