48 പന്തിൽ 100; ഗില്ലിന്റെ റെക്കോർഡ് മറികടന്ന് ജയ്സ്വാൾ

Mail This Article
ഹാങ്ചൗ∙ ഏഷ്യൻ ഗെയിംസിൽ നേപ്പാളിനെതിരെ 23 റൺസിന്റെ ജയത്തോടെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 48 പന്തിൽ 100 തികച്ച ജയ്സ്വാൾ തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും ഇതിനിടെ പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു.
അന്താരാഷ്ട്ര ട‌്വന്റി20 മത്സരത്തിൽ സെഞ്ചറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോർഡാണ് ജയ്സ്വാൾ ചൊവ്വാഴ്ച കുറിച്ചത്. ശുഭ്മൻ ഗില്ലിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 23 വയസ്സും 146 ദിവസവും പ്രായമുള്ളപ്പോഴാണ് ഗിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ചറി നേടുന്നത്. ജയ്സ്വാൾ 19 വയസ്സും 8 മാസവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നാഴികക്കല്ലു താണ്ടിയിരിക്കുന്നത്.
ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ജയ്സ്വാൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കാരൻ നേടുന്ന ആദ്യ സെഞ്ചറിയുമാണിത്. മത്സരത്തിൽ അവസാന ഓവറുകളിൽ വെടിക്കെട്ടു ബാറ്റിങ്ങുമായി കളംനിറഞ്ഞ റിങ്കു സിങാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ 203 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നേപ്പാളിന്റെ ഇന്നിങ്സ്, 9 വിക്കറ്റ് നഷ്ടത്തിൽ 179 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 4 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത രവി ബിഷ്ണോയ് ബോളിങ്ങിൽ തിളങ്ങി. 15 പന്തിൽ 32 റൺസെടുത്ത ദിപേന്ദ്ര സിങ് അയ്‌രിയാണ് നേപ്പാളിന്റെ ടോപ് സ്കോറർ.
English Summary: Yashasvi Jaiswal Scores 48-Ball Hundred, Breaks Shubman Gill's Record