ADVERTISEMENT

ഹൈദരാബാദ് ∙പൊരുതാൻ ഉറച്ചാണ് നെതർലൻഡ്സ് ക്രിക്കറ്റ് ടീം ഇന്നലെ ഹൈദരാബാദിൽ ഇറങ്ങിയത്. പക്ഷേ, ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തിയ ന്യൂസീലൻഡിനു മുന്നിൽ പിടിച്ചുനിൽക്കാൻ പോലും അവർക്കു സാധിച്ചില്ല. നെതർലൻഡ്സിനെ 99 റൺസിന് തോൽപിച്ച ന്യൂസീലൻഡ്, ഏകദിന ലോകകപ്പിൽ രണ്ടാം ജയവുമായി കുതിക്കുന്നു. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 7ന് 322. നെതർലൻഡ്സ് 46.3 ഓവറിൽ 223ന് പുറത്ത്.

5 വിക്കറ്റ് വീഴ്ത്തിയ കിവീസ് സ്പിന്നർ മിച്ചൽ സാന്റ്നറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ പോയിന്റ് ടേബിളിൽ കിവീസ് ഒന്നാമതെത്തി.323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം നേടാൻ സാധിച്ചില്ല. തുടക്കത്തിൽ തന്നെ ഓപ്പണർമാരായ വിക്രംജിത് സിങ്ങിനെയും (12) മാക്സ് ഒഡൗഡിനെയും (16) നഷ്ടമായി. മധ്യനിരയിൽ ഒറ്റയാൾ പോരാട്ടം നയിച്ച കോളിൻ അക്കർമാൻ (69) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. സ്കോട്ട് എഡ്വേഡ്സ് (30), സൈബ്രാൻഡ് എങ്കിൾബ്രക്റ്റ് (29) എന്നിവർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അതു മതിയായിരുന്നില്ല.

10 ഓവറിൽ 59 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറാണ് ഡച്ച് മധ്യനിരയെ തകർത്തത്. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഡെവൻ കോൺവേയും (32) വിൽ യങ്ങും (70)  നൽകിയത്. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതിന്റെ വിഷമം ഈ ഇന്നിങ്സിലൂടെ യങ് തീർത്തു. മൂന്നാമനായി എത്തിയ യുവതാരം രചിൻ രവീന്ദ്ര അർധ സെഞ്ചറിയുമായി (51) മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ 77 റൺസാണ് ഇരുവരും ചേർന്നു നേടിയത്.

ന്യൂസീലൻഡ് കൂറ്റൻ സ്കോറിലേക്കു കടക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് യങ്ങിനെയും വൈകാതെ രചിനെയും പുറത്താക്കി നെതർലൻഡ്സ് മത്സരത്തിലേക്കു തിരിച്ചുവന്നത്. എന്നാൽ, മധ്യനിരയിൽ ഡാരിൽ മിച്ചലും (48) ക്യാപ്റ്റൻ ടോം ലാതമും (53) ഫോം കണ്ടെത്തിയതോടെ കിവീസ് സ്കോറിങ്ങിന് വേഗം കൂടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓൾറൗണ്ടർ സാന്റ്നറാണ് (17 പന്തിൽ 36 നോട്ടൗട്ട്) ന്യൂസീലൻഡ് സ്കോർ 322ൽ എത്തിച്ചത്. നെതർലൻഡ്സിനു വേണ്ടി ആര്യൻ ദത്ത്, വാൻ മീകെറെൻ, റൊളാഫ് വാൻഡെർ മെർവെ എന്നിവർ 2 വിക്കറ്റു വീതം വീഴ്ത്തി. ഏകദിന ലോകകപ്പിലെ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ന്യൂസീലൻഡ് സ്പിന്നർ എന്ന റെക്കോർഡ് ഇന്നലെ മിച്ചൽ സാന്റ്നർ സ്വന്തമാക്കി.

English Summary:

New Zealand beat Netherlands in ODI World Cup 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com