ഓസീസിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു പുറത്ത്; നയിക്കാൻ സൂര്യ, പ്രമുഖ താരങ്ങൾക്ക് വിശ്രമം

Mail This Article
മുംബൈ ∙ ഓസ്ട്രേലിയയ്‌ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ. ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.
പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റെ പരിശീലകൻ. ആദ്യ മത്സരം വ്യാഴാഴ്ച വിശാഖപട്ടണത്ത് നടക്കും. ഞായറാഴ്ച തിരുവനന്തപുരത്താണ് രണ്ടാം മത്സരം. ഡിസംബർ 3ന് ബെംഗളൂരുവിൽ മൂന്നാം മത്സരം നടക്കും.
നേരത്തെ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിലും സഞ്ജുവിന് ഇടം നൽകിയിരുന്നില്ല. ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിയോഗിച്ചത്. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ സഞ്ജു ടീമിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു.
കഴിഞ്ഞ ദിവസം സമാപിച്ച ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നവരിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മാത്രമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുള്ളത്. ലോകകപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യയെ ടീമിലേക്കു പരിഗണിച്ചിട്ടില്ല. അതേസമയം, ലോകകപ്പ് ടീമിലുണ്ടായിരുന്നിട്ടും പരുക്കേറ്റു പുറത്തായ അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി. അക്ഷർ പട്ടേലിനു പകരമാണ് ലോകകപ്പ് ടീമിൽ ആർ.അശ്വിനെ ഉൾപ്പെടുത്തിയത്.
അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച ടീമിനെ ഏറെക്കുറേ അതേപടി നിലനിർത്തിയപ്പോഴാണ്, സഞ്ജുവിനെ തഴഞ്ഞത്. ആ പരമ്പരയിൽ ടീമിനെ നയിച്ച ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യരെ അഞ്ചു മത്സരങ്ങളിലും കളിപ്പിച്ച് ക്യാപ്റ്റനായി നിയോഗിക്കാനായിരുന്നു സിലക്ടർമാർ ആദ്യം തീരുമാനിച്ചതെങ്കിലും, താരത്തിന്റെ ജോലിഭാരം പരിഗണിച്ച് ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് വിശ്രമം അനുവദിക്കുകയായിരുന്നു. റായ്പുരും ബെംഗളൂരുവിലും നടക്കുന്ന അവസാന രണ്ട് മത്സരങ്ങൾക്കായി തിരിച്ചെത്തുന്ന അയ്യർ, വൈസ് ക്യാപ്റ്റനാകും.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ.