ഇന്ത്യയ്ക്കു താൽപര്യമില്ല, ചാംപ്യൻസ് ട്രോഫിയും പാക്കിസ്ഥാനു നഷ്ടമാകും; വീണ്ടും ഹൈബ്രിഡ് മോഡൽ?
Mail This Article
ഇസ്‍ലാമബാദ്∙ 2025 ലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാനു പുറത്തേക്കു മാറ്റാൻ സാധ്യത. പാക്കിസ്ഥാനിൽ മത്സരങ്ങൾ നടത്തുന്നതിൽ ബിസിസിഐയ്ക്കു താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കം. ഏഷ്യാ കപ്പ് നടത്തിയതുപോലെ ഹൈബ്രിഡ് രീതി ചാംപ്യൻസ് ട്രോഫി നടത്തിപ്പിന്റെ കാര്യത്തിലും പരിഗണിച്ചേക്കും. പാക്കിസ്ഥാനിൽ കുറച്ചു മത്സരങ്ങൾ കളിച്ച ശേഷം ഏഷ്യാ കപ്പിലെ പ്രധാന കളികളെല്ലാം ശ്രീലങ്കയിലാണു നടത്തിയത്.
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏഷ്യാ കപ്പിനായി പാക്കിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കുന്നതുവരെ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ചാംപ്യൻസ് ട്രോഫി കളിച്ചില്ലെങ്കിൽ, പാക്കിസ്ഥാൻ ഏകദിന ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു പോകില്ലെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു.
നിലപാടു മാറ്റിയ പിസിബി ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ടീമിനെ അയച്ചു. ഏഷ്യാ കപ്പ് നഷ്ടമായതുപോലെ ചാംപ്യൻസ് ട്രോഫിയിലും സംഭവിക്കുമോയെന്ന ആശങ്ക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുണ്ട്. ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകാൻ തയാറല്ലെങ്കില്‍ ചാംപ്യൻസ് ട്രോഫി യുഎഇയിൽ നടത്തുമെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ചില മത്സരങ്ങൾ മാത്രം പാക്കിസ്ഥാനിൽ കളിക്കും.
ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തില്ല. ഇന്ത്യ പാക്കിസ്ഥാനിലേക്കു പോയില്ലെങ്കിൽ അതിന് അനുസരിച്ചുള്ള നഷ്ടപരിഹാരം പാക്ക് ബോർഡിനു ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഓസ്ട്രേലിയയും ന്യൂസീലൻഡും ഇംഗ്ലണ്ടും പാക്കിസ്ഥാനിൽ കളിച്ചുവെന്നും അപ്പോഴൊന്നും യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നുമാണു പിസിബിയുടെ നിലപാട്.
എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐസിസി ചാംപ്യൻസ് ട്രോഫി നടത്താനൊരുങ്ങുന്നത്. 2017ൽ അവസാനമായി നടന്ന ടൂർണമെന്റിൽ പാക്കിസ്ഥാനായിരുന്നു ചാംപ്യൻമാർ. ആതിഥേയരും ഏകദിന ലോകകപ്പിൽ ആദ്യ ഏഴു സ്ഥാനങ്ങളിൽ എത്തിയ ടീമുകളുമാണ് ടൂർണമെന്റിൽ പങ്കെടുക്കുക.