കിവീസിനെ കറക്കി വീഴ്ത്തി, 150 റൺസ് വിജയം; ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ബംഗ്ലദേശ്
Mail This Article
ധാക്ക∙ ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ബംഗ്ലദേശ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശ് 150 റൺസിനാണു ജയിച്ചു കയറിയത്. 332 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിനെ 181 റൺസിനു ബംഗ്ലദേശ് പുറത്താക്കുകയായിരുന്നു. മത്സരത്തിൽ പത്തു വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ തൈജുൾ ഇസ്‍ലാമാണ് ബംഗ്ലദേശിനെ വിജയത്തിലേക്കു നയിച്ചത്. രണ്ടാം ഇന്നിങ്സിൽ താരം ആറു വിക്കറ്റുകൾ വീഴ്ത്തി.
കളിയിലെ താരവും തൈജുൾ ഇസ്‍ലാം തന്നെ. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ബംഗ്ലദേശ് 1–0ന് മുന്നിലാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് ആദ്യ ഇന്നിങ്സിൽ 310 റൺസാണ് എടുത്തത്. ഓപ്പണർ മഹ്മൂദുൽ ഹസന്‍ ജോയ്ക്കൊഴികെ മറ്റാർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 166 പന്തുകൾ നേരിട്ട താരം 86 റൺസെടുത്തു പുറത്തായി.
മറുപടിയിൽ ന്യൂസീലൻഡ് 317 റൺസെടുത്തു പുറത്തായി. ഏഴു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. സെഞ്ചറി നേടിയ കെയ്ൻ വില്യംസന്‍ കിവീസിനായി തിളങ്ങി. 205 പന്തുകൾ നേരിട്ട താരം 104 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷന്റോ സെഞ്ചറി (198 പന്തില്‍ 105) തികച്ചു.
മുഷ്ഫിഖർ റഹീം (116 പന്തിൽ 67), മെഹ്ദി ഹസൻ മിറാസ് (76 പന്തിൽ 50) എന്നിവർ അർധ സെഞ്ചറിയും നേടി. 338 റൺസെടുത്താണ് ആതിഥേയർ രണ്ടാം ഇന്നിങ്സിൽ പുറത്തായത്. വിജയ പ്രതീക്ഷയുമായി ഇറങ്ങിയ കിവീസ് ബാറ്റർമാരെ രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് വട്ടംകറക്കി.
ആദ്യ ഓവറിൽ തന്നെ ടോം ലാഥമിനെ പുറത്താക്കിയ ബംഗ്ലദേശ് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. 120 പന്തില്‍ 58 റൺസെടുത്ത മധ്യനിര താരം ഡാരിൽ മിച്ചൽ മാത്രമാണ് ബംഗ്ലദേശ് ബോളർമാരെ കുറച്ചെങ്കിലും പ്രതിരോധിച്ചത്. 71.1 ഓവറിൽ 181 റൺസെടുത്ത് ന്യൂസീലൻഡ് ബോൾഡാകുകയായിരുന്നു.