43 പന്തിൽ 193*; 22 സിക്സ്, 14 ഫോർ, സ്ട്രൈക്ക് റേറ്റ് 449! ടി10 ക്രിക്കറ്റിൽ റെക്കോർഡ് പ്രകടനവുമായി ഹംസ ദർ

Mail This Article
ബാർസലോന ∙ പരിമിത ഓവർ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ രൂപമായ ടി10ൽ വ്യക്തിഗത സ്കോറിന്റെ പുതിയ റെക്കോർഡിന് ഉടമയായി കാറ്റലൂന്യ ജാഗ്വർ താരം ഹംസ സലിം ദാർ. യൂറോപ്യൻ ക്രിക്കറ്റ് സിരീസിൽ സോഹൽ ഹോസ്പിറ്റാലെറ്റിനെതിരായ മത്സരത്തിലാണ് വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഹംസ കളം നിറഞ്ഞത്. 43 പന്തുകൾ നേരിട്ട താരം 449 സ്ട്രൈക്ക് റേറ്റിൽ പുറത്താവാതെ 193 റൺസാണ് അടിച്ചുകൂട്ടിയത്! 22 സിക്സും 14 ഫോറും അടങ്ങിയതാണ് ഇന്നിങ്സ്. സ്പെയിൻ ദേശീയ ടീമിലും ഹംസ ദർ അംഗമാണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കാറ്റലൂന്യ ജാഗ്വർ ഹംസയുടെ ഇന്നിങ്സിന്റെ കരുത്തിൽ നിശ്ചിത 10 ഓവറിൽ 257 റൺസാണ് അടിച്ചുകൂട്ടിയത്. ടീം സ്കോറിന്റെ 75 ശതമാനവും ഹംസ ഒറ്റയ്ക്കാണ് നേടിയത്. സഹ ഓപ്പണർ യാസിർ അലി 19 പന്തിൽ 7 സിക്സും 3 ഫോറും ഉൾപ്പെടെ 58 റൺസും നേടി. ഒരു വിക്കറ്റു പോലും നഷ്ടമാവാതെയാണ് കാറ്റലൂന്യ പടുകൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
സോഹൽ ഹോസ്പിറ്റാലെറ്റിന്റെ ബോളർമാർ കണക്കിനു തല്ലുവാങ്ങിക്കൂട്ടുകയും ചെയ്തു. 2 ഓവറിൽ 73 റൺസ് വഴങ്ങിയ മുഹമ്മദ് വാരിസാണ് ഏറ്റവും മോശം ബോളിങ് പ്രകടനം പുറത്തെടുത്തത്. മറ്റ് ബോളർമാർക്കും 22നു മുകളിലാണ് ഇക്കോണമി റേറ്റ്. മറുപടി ബാറ്റിങ്ങിൽ സോഹൽ ഹോസ്പിറ്റാലെറ്റിന്റെ ഇന്നിങ്സ് 10 ഓവറിൽ 8ന് 104 എന്ന നിലയിൽ അവസാനിച്ചു. രണ്ടോവറിൽ 15 റൺസ് മാത്രം വഴങ്ങിയ ഹംസ ദർ 3 വിക്കറ്റും പിഴുതു. 153 റൺസിനാണ് കാറ്റലൂന്യയുടെ വിജയം.