23.2 ഓവറിൽ 55 ഓൾഔട്ട്! ഇന്ത്യയ്ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടോട്ടൽ; കളം നിറഞ്ഞ് പേസർമാർ
Mail This Article
അതിവേഗ ബോളിങ്ങിന്റെ തീക്ഷ്ണ സൗന്ദര്യവുമായി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനത്തിൽ ആദ്യം കളംനിറഞ്ഞത് ഇന്ത്യൻ പേസ് ബോളർമാരാണ്. ഒന്നാം ഇന്നിങ്സിൽ വെറും 23.2 ഓവറിൽ അവർ ആതിഥേയരുടെ കഥകഴിച്ചു. ദക്ഷിണാഫ്രിക്ക 55ന് ഓൾഔട്ട്!
ഇടിത്തീപോലെ പിച്ചിൽ പതിച്ച പേസ് ബോളുകൾ ബാറ്റിൽ ഉമ്മവച്ച് ഫീൽഡറുടെ കയ്യിലേക്കു പോകുന്നത് നിരാശയോടെ നോക്കി നിൽക്കാനേ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കു കഴിഞ്ഞുള്ളൂ. 9 പേർ ക്യാച്ചിലൂടെ പുറത്തായപ്പോൾ ബോൾഡായത് ക്യാപ്റ്റൻ ഡീൻ എൽഗർ മാത്രം. ഡേവിഡ് ബെഡിങ്ങാമും (12) കൈൽ വെരേന്നയുമൊഴികെ (15) മറ്റൊരു ദക്ഷിണാഫ്രിക്കൻ ബാറ്റർക്കും 5 റൺസിൽ കൂടുതൽ നേടാനുമായില്ല.
ദക്ഷിണാഫ്രിക്കൻ ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റുകളും പിഴുതത് മുഹമ്മദ് സിറാജാണ്. ജസ്പ്രീത് ബുമ്രയും അരങ്ങേറ്റ ടെസ്റ്റ് കളിച്ച മുകേഷ് കുമാറും (2 വിക്കറ്റ് വീതം) ഒപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്കയുടെ വീഴ്ച വേഗത്തിലായി. മുഴുവൻ വിക്കറ്റുകളും പേസർമാർക്ക്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ഇന്നിങ്സിൽ ഒരു ടീമിന്റെ ഏറ്റവും മോശം ടോട്ടൽ, 1932നുശേഷം തങ്ങളുടെ ഏറ്റവും മോശം ടീം ടോട്ടൽ എന്നീ നാണക്കേടുകളും തോളിലേറ്റിയാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിനുശേഷം പവലിയനിൽ തിരിച്ചെത്തിയത്.
മുഹമ്മദ് സിറാജ്
ഓവർ: 9 വഴങ്ങിയ റൺസ്: 15 മെയ്ഡൻ: 3
വിക്കറ്റ്: 6
∙ 15 റൺസ് മാത്രം വഴങ്ങിയുള്ള 6 വിക്കറ്റ് നേട്ടം മുഹമ്മദ് സിറാജിന്റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനമാണ്. ടെസ്റ്റിൽ മൂന്നാം തവണ 5 വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇതിനു മുൻപ് ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെയും ഈ നേട്ടം കൈവരിച്ചിരുന്നു.
∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ സെഷനിൽ തന്നെ 5 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബോളറായി സിറാജ്. 1987ൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ മനീന്ദർ സിങ്ങാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.