കോലിക്കു നേരെ പന്തെറിയാൻ ശ്രമം, ബർഗറുടെ കലിപ്പ് നോട്ടം; പുഞ്ചിരികൊണ്ട് നേരിട്ട് ഇന്ത്യൻ താരം
Mail This Article
കേപ്ടൗൺ∙ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ബാറ്റിങ്ങിനിടെ ഇന്ത്യൻ താരം വിരാട് കോലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച് ദക്ഷിണാഫ്രിക്കയുടെ യുവ ബോളർ നാന്ദ്രെ ബർഗർ. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിനിടെയാണ് ബോളിങ്ങിനെത്തിയ ബർഗർ വിരാട് കോലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. പന്തെടുത്ത് കോലിയുടെ നേരെ എറിയാൻ ശ്രമിച്ചായിരുന്നു ബർഗറുടെ കലിപ്പ് നോട്ടം.
പക്ഷേ ചിരിച്ചുകൊണ്ടാണ് കോലി ഇതിനെ നേരിട്ടത്. ഈ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറുടെ കമന്ററിയും വൈറലായി. ‘‘നിങ്ങള്‍ അഗ്രഷൻ പുറത്തെടുക്കുന്നത് തെറ്റായ ആളുടെ അടുത്താണ്.’’– എന്നാണ് സുനിൽ ഗാവസ്കർ പ്രതികരിച്ചത്. 59 പന്തുകളിൽനിന്ന് 46 റൺസെടുത്താണ് ആദ്യ ഇന്നിങ്സിൽ കോലി പുറത്തായത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററും കോലിയാണ്. കഗിസോ റബാദയുടെ പന്തിൽ എയ്ഡൻ മാർക്റാം ക്യാച്ചെടുത്തു താരത്തെ പുറത്താക്കി. മത്സരത്തിൽ 153 റൺസെടുത്താണ് ഇന്ത്യ പുറത്തായത്.
ക്യാപ്റ്റൻ രോഹിത് ശർമ (50 പന്തിൽ 39), ശുഭ്മൻ ഗിൽ (55 പന്തിൽ 36) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മധ്യനിരയും വാലറ്റവും അതിവേഗം പുറത്തായതാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കു വലിയ സ്കോർ നേടാൻ സാധിക്കാതെ പോയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 36.5 ഓവറിൽ 176 റൺസെടുത്തു പുറത്തായി. ആറു വിക്കറ്റു വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്.