ചരിത്രത്തിലെ ദൈർഘ്യം കുറഞ്ഞ ടെസ്റ്റ്: കേപ്ടൗണിലെ പിച്ചിന് നിലവാരമില്ല, ഐസിസിക്ക് അതൃപ്തി
Mail This Article
ദുബായ് ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നടന്ന കേപ്ടൗണിലെ പിച്ച് നിലവാരം പുലർത്തിയില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പേസ് ബോളർമാർക്ക് അളവറ്റു സഹായം ലഭിച്ച പിച്ചിൽ ഒന്നര ദിവസംകൊണ്ട് മത്സരം അവസാനിച്ചിരുന്നു. 642 പന്തുകൾ മാത്രമാണ് മത്സരത്തിൽ എറിഞ്ഞത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമെന്ന റെക്കോർഡും കേപ്ടൗൺ ടെസ്റ്റിനു ലഭിച്ചു. ഇതോടെയാണ് പിച്ചിൽ അതൃപ്തി അറിയിച്ച് ഐസിസി രംഗത്തെത്തിയത്.
പിച്ചിൽ ബാറ്റിങ് ദുഷ്കരമായിരുന്നെന്നും പല ബാറ്റർമാർക്കും അപ്രതീക്ഷിത ബൗൺസ് മൂലം കയ്യിലും മറ്റും പന്തുകൊണ്ടെന്നും മാച്ച് റഫറി ക്രിസ് ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. പിച്ചിന് ഒരു ഡീമെറിറ്റ് പോയിന്റും ഐസിസി നൽകി. 5 വർഷത്തിനിടെ 6 ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ ആ വേദിയെ ഒരു വർഷത്തേക്ക് രാജ്യാന്തര മത്സരങ്ങളിൽ നിന്നു വിലക്കും.
രണ്ടാം ദിനം ആദ്യ സെഷനിൽത്തന്നെ മത്സരം അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി എയ്ഡൻ മാർക്രം സെഞ്ചറി (106) നേടിയെങ്കിലും മറ്റാരും തിളങ്ങിയില്ല. ജസ്പ്രീത് ബുമ്ര 61 റൺസ് വഴങ്ങി 6 വിക്കറ്റെടുത്തു. സ്കോർ: ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്സ് 55, രണ്ടാം ഇന്നിങ്സ് 176. ഇന്ത്യ: ഒന്നാം ഇന്നിങ്സ് 153, രണ്ടാം ഇന്നിങ്സ് 3 വിക്കറ്റിന് 80. ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ആറാം സ്ഥാനത്തുനിന്ന് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 2 മത്സര പരമ്പര 1–1 സമനിലയായി.