ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇഷാനെ അടുപ്പിക്കാതെ ഇന്ത്യ, രാജസ്ഥാൻ റോയൽസ് താരത്തിന്റെ സർപ്രൈസ് എൻട്രി
Mail This Article
ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരെ 5 മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് ഏക പുതുമുഖം. കെ.എൽ.രാഹുൽ, കെ.എസ്.ഭരത് എന്നിവർക്കു പുറമേയാണ് വിക്കറ്റ് കീപ്പറായി ജുറേലിനെയും ഉൾപ്പെടുത്തിയത്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന്റെ താരമാണ് ജുറേൽ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിലാണു താരം കളിക്കുന്നത്. വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചില്ലെങ്കിൽ, സ്പെഷലിസ്റ്റ് ബാറ്ററായി താരത്തെ ടീമിലേക്കു പരിഗണിക്കാനാണു സാധ്യത. ഇന്ത്യ എ ടീമിലും ധ്രുവ് ജുറേൽ കളിച്ചിട്ടുണ്ട്. അതേസമയം മാനസിക സമ്മർദങ്ങളെ തുടർന്ന് അവധിയിൽ പോയ യുവതാരം ഇഷാൻ കിഷനെ ടീമിലെടുത്തിട്ടില്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ പേസർ ജസ്പ്രീത് ബുമ്രയാണു വൈസ് ക്യാപ്റ്റൻ. പേസർമാരായ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരും ടീമിലുണ്ട്. ജനുവരി 25ന് ഹൈദരാബാദിലാണു പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റ് നടക്കും.
ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, കെ.എസ്. ഭരത്, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര, ആവേശ് ഖാൻ.