റെഡ്ഫേൺ ആദ്യ വനിതാ നിഷ്പക്ഷ അംപയർ
Mail This Article
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിതാ അംപയറായി ഇംഗ്ലണ്ടിൽ നിന്നുള്ള സു റെഡ്ഫേൺ. അടുത്ത ദിവസം ആരംഭിക്കുന്ന ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി20 പരമ്പരയിലാണ് റെഡ്ഫേൺ അംപയറായി എത്തുക.
2017, 2022 വനിതാ ഏകദിന ലോകകപ്പുകളിലെ അംപയർ പാനലിൽ റെഡ്ഫേൺ ഉണ്ടായിരുന്നു. വനിതാ ക്രിക്കറ്റ് പരമ്പരകളുടെ സുതാര്യത വർധിപ്പിക്കാനായാണ് എല്ലാ മത്സരങ്ങളിലും ഒരു നിഷ്പക്ഷ അംപയറുടെ സേവനം ഉറപ്പാക്കാൻ ഐസിസി തീരുമാനിച്ചത്. നേരത്തെ രണ്ടു രാജ്യങ്ങൾ തമ്മിൽ പരമ്പര നടക്കുമ്പോൾ ആതിഥേയ രാജ്യത്തെ അംപയർമാരായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്.
മത്സരങ്ങളുടെ സുതാര്യത വർധിപ്പിക്കുന്നതിനൊപ്പം വനിതാ അംപയർമാർക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്ന് ഐസിസി ജനറൽ മാനേജർ ഓഫ് ക്രിക്കറ്റ് വാസിം ഖാൻ പറഞ്ഞു.