കോലിയും സഞ്ജുവും വന്നപോലെ മടങ്ങി, രക്ഷിച്ചെടുത്ത് രോഹിത്–റിങ്കു കോംബോ; ധോണിക്കൊപ്പം ഹിറ്റ്മാൻ
Mail This Article
ബെംഗളൂരു∙ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യും വിജയിച്ച് പരമ്പരയിൽ സമ്പൂർണ വിജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ. നിശ്ചിത ഓവറിലും ആദ്യ സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തിൽ, രണ്ടാം സൂപ്പർ ഓവർ നടത്തിയാണ് വിജയികളെ തീരുമാനിച്ചത്. പക്ഷേ കളി തുടക്കത്തിലേ ഇന്ത്യയുടെ കൈവിട്ടുപോയതാണ്. 22 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ അവിശ്വസനീയമായ കുതിപ്പുതന്നെ അവിടെനിന്നു നടത്തി. രോഹിത് ശർമയുടെ സെഞ്ചറിയും റിങ്കു സിങ്ങിന്റെ അർധ സെഞ്ചറിയും ഇന്ത്യയുടെ രക്ഷയ്ക്കെത്തി. നാലിന് 22 എന്ന നിലയിൽനിന്നും 20 ഓവർ അവസാനിക്കുമ്പോൾ നാലിന് 212 എന്ന സ്കോറിലേക്ക് ഇന്ത്യയെത്തി.
69 പന്തുകൾ നേരിട്ട രോഹിത് ശർമ 121 റൺസെടുത്തു പുറത്താകാതെനിന്നു. 39 പന്തിൽ 69 റൺസുമായി റിങ്കു സിങ്ങും തിളങ്ങി. അഫ്ഗാനിസ്ഥാൻ താരം കരീം ജനാത്ത് എറിഞ്ഞ 20–ാം ഓവറിൽ 36 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ടോസ് നേടി ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഒരു ഭാഗത്തു രോഹിത് ശർമ നിലയുറപ്പിച്ചപ്പോൾ മറു ഭാഗത്ത് കൂട്ടത്തകർച്ചയായിരുന്നു. മൂന്നാം ഓവറിൽ യശസ്വി ജയ്സ്വാളാണ് ആദ്യം പുറത്തായത്. അടുത്ത പന്തിൽ വിരാട് കോലി മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. അസ്മത്തുല്ല ഒമർസായി എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തിൽ ഗുർബാസ് തകർപ്പനൊരു ക്യാച്ചെടുത്ത് ഓൾ റൗണ്ടർ ശിവം ദുബെയെ മടക്കി. സഞ്ജു സാംസണിന്റേതായിരുന്നു അടുത്ത ഊഴം. അലക്ഷ്യമായ ഷോട്ട് കളിച്ച സഞ്ജു ആദ്യ പന്തിൽ പുറത്തായി. 4.3 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ്.
ഹിറ്റ്മാൻ റിട്ടേൺസ്
ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങളിൽ രോഹിത് ശർമ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ രണ്ടു കളികളും ജയിച്ചെങ്കിലും രോഹിത് ശർമയ്ക്കു റണ്ണൊന്നും നേടാനായില്ല. അതിന്റെ ക്ഷീണം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രോഹിത് തീർത്തുകൊടുത്തു. 41 പന്തുകളിലാണ് ഇന്ത്യൻ ക്യാപ്റ്റൻ അർധ സെഞ്ചറിയിലെത്തിയത്. മത്സരത്തിന്റെ 19–ാം ഓവറിൽ അസ്മത്തുല്ല ഒമർസായിയെ സിക്സും രണ്ട് ഫോറുകളും അടിച്ച് രോഹിത് സെഞ്ചറി പൂർത്തിയാക്കി.
ഒമർസായിയെ ബൗണ്ടറി കടത്തിയായിരുന്നു റിങ്കു സിങ് അർധ സെഞ്ചറി പിന്നിട്ടതും. മത്സരത്തിന്റെ 18–ാം ഓവറിലാണ് ടീം ഇന്ത്യ 150 കടന്നത്. അവസാന ഓവറിൽ ഇന്ത്യ 36 റൺസ് അടിച്ചതോടെ സ്കോർ 200 ഉം കടന്നു മുന്നേറി. മത്സരത്തിലെ അവസാനത്തെ അഞ്ച് ഓവറുകളിൽ 103 റൺസാണ് ഹിറ്റ്മാൻ രോഹിത്തും റിങ്കു സിങ്ങും ചേർന്നു അടിച്ചുനേടിയത്.
യുവിക്കൊപ്പം രോഹിത്– റിങ്കു കൂട്ടുകെട്ട്
ട്വന്റി20 ക്രിക്കറ്റിൽ ഒരോവറിൽ ആറു സിക്സടിച്ച യുവരാജ് സിങ്ങിന്റെ ഇന്നിങ്സ് ക്രിക്കറ്റ് ആരാധകർ ഒരു കാലത്തും മറക്കില്ല. 2007ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് പേസർ സ്റ്റ്യുവർട്ട് ബ്രോഡിനെയാണ് യുവരാജ് സിങ്ങ് ആറു വട്ടം നിലം തൊടീക്കാതെ ബൗണ്ടറി കടത്തിയത്. 36 റൺസ് ഓരോവറിൽ പിറന്ന യുവിയുടെ ഇന്നിങ്സിനൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ബുധനാഴ്ചത്തെ രോഹിത് ശർമ– റിങ്കു സിങ് ഇന്നിങ്സ്. ഒരു ഓവറിൽ കൂടുതൽ റൺസ് പിറന്ന റെക്കോർഡിൽ ഈ ഇന്നിങ്സും ഇടം നേടി.
മത്സരത്തിന്റെ 20–ാം ഓവറിൽ കരീം ജനാത്തിനെ ഫോർ അടിച്ച് രോഹിത് ശർമയാണു വെടിക്കെട്ട് ബാറ്റിങ് തുടങ്ങിയത്. അടുത്ത പന്തിൽ രോഹിത്തിന്റെ വക സിക്സ്. എന്നാൽ അംപയർ നോബോൾ വിളിച്ചതോടെ ഇന്ത്യയ്ക്ക് ഫ്രീഹിറ്റും ലഭിച്ചു. ഫ്രീഹിറ്റ് പന്തും രോഹിത് ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് സിംഗിളെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ, റിങ്കു സിങ്ങിന് സ്ട്രൈക്ക് നൽകി. 4,5,6 പന്തുകൾ സിക്സടിച്ച് റിങ്കു സിങ് ഇന്ത്യൻ ഇന്നിങ്സ് സ്റ്റൈലായി ഫിനിഷ് ചെയ്തു. 2021 ൽ ശ്രീലങ്കൻ താരം അഖില ധനഞ്ജയ എറിഞ്ഞ ഒരോവറിൽ വിൻഡീസ് താരം പൊള്ളാർഡും 36 റൺസ് അടിച്ചെടുത്തിട്ടുണ്ട്.
ട്വന്റി20യിൽ ക്യാപ്റ്റനായി കൂടുതൽ വിജയങ്ങൾ
ഇന്ത്യൻ ടീം ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ ട്വന്റി20 വിജയങ്ങളെന്ന നേട്ടത്തിൽ എം.എസ്. ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമയുമെത്തി. ധോണിക്കും രോഹിത് ശർമയ്ക്കും 42 വിജയങ്ങളാണ് ട്വന്റി20യില്‍ ഉള്ളത്. ധോണിയെ പിന്തള്ളി രോഹിത് മുന്നിലേക്കു കുതിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിന് ട്വന്റി20 ലോകകപ്പ് വരെ കാത്തിരിക്കേണ്ടിവരും. ലോകകപ്പിനു മുൻപ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യൻ ടീം കളിക്കുന്നത്. അതിനു ശേഷം താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകും.