മകൻ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം, ഗ്യാസ് സിലിണ്ടർ ചുമന്ന് പിതാവ്; വിഡിയോ വൈറൽ
Mail This Article
ലക്നൗ∙ മകൻ ദേശീയ ടീമിലെ സൂപ്പർ താരമായിട്ടും, പാചക വാതക സിലിണ്ടർ വിതരണ ജോലി ഉപേക്ഷിക്കാത്ത റിങ്കു സിങ്ങിന്റെ പിതാവിനെ പ്രശംസിച്ച് ആരാധകർ. ഐപിഎല്ലിലൂടെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ വെടിക്കെട്ട് ബാറ്ററായി റിങ്കു സിങ് വളർന്നെങ്കിലും പഴയ ജോലി തന്നെയാണ് സൂപ്പര്‍ താരത്തിന്റെ പിതാവ് ഇപ്പോഴും ചെയ്യുന്നത്. മുച്ചക്ര വാഹനത്തിലെത്തി പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കുവിന്റെ പിതാവ് ഖാൻചന്ദ്ര സിങ്ങിന്റേത്.
ജോലി നിർത്താൻ താൻ നിർബന്ധിച്ചിരുന്നെങ്കിലും പിതാവ് ഇതു കേൾക്കുന്നില്ലെന്ന് റിങ്കു സിങ് അടുത്തിടെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റിങ്കു സിങ് ഇന്ത്യൻ ട്വന്റി20 ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. 11 മത്സരങ്ങളിൽനിന്ന് താരം 356 റൺസ് നേടിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോളിൽ റിങ്കു തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
‘‘ഇനി വിശ്രമിക്കാമെന്നു ഞാൻ അച്ഛനോടു പറഞ്ഞിരുന്നതാണ്. എന്നാൽ അദ്ദേഹം ഇപ്പോഴും സിലിണ്ടറുകൾ ചുമക്കുകയാണ്. അദ്ദേഹം സ്വന്തം ജോലി ഇഷ്ടപ്പെടുന്നു. അത് എനിക്കും മനസ്സിലായി. വീട്ടിൽ വിശ്രമിക്കാൻ തുടങ്ങിയാൽ അച്ഛന് ബോറടിക്കും. ഒരാൾ ജീവിതകാലം മുഴുവൻ ജോലി ചെയ്തതാണെങ്കിൽ, അത് അവസാനിപ്പിക്കാൻ അദ്ദേഹത്തിനു തന്നെ തോന്നേണ്ടിവരും.’’– റിങ്കു സിങ് വ്യക്തമാക്കി.
അലിഗഡിലെ എൽപിജി സിലിണ്ടർ വിതരണ കമ്പനിയിലാണ് ഖാൻചന്ദ്ര സിങ് ജോലി ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലാണ് റിങ്കു സിങ് ഇനി കളിക്കുക. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു. കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ ടോപ് സ്കോററായിരുന്നു. 14 കളികളിൽനിന്ന് 474 റണ്‍സാണു താരം നേടിയത്.