ADVERTISEMENT

2000ൽ മുഹമ്മദ് കൈഫ്. 2008ൽ വിരാട് കോലി. 2012ൽ ഉൻമുക്ത് ചന്ദ്. 2018ൽ പൃഥ്വി ഷാ, 2022ൽ യഷ് ദൂൽ... കൗമാര ക്രിക്കറ്റിലെ ലോകകിരീടം ഇതുവരെ ഇന്ത്യയ്ക്കു നേടിക്കൊടുത്തവരാണ് ഈ 5 ക്യാപ്റ്റൻമാർ. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ നാളെ ദക്ഷിണാഫ്രിക്കയിൽ നടക്കുമ്പോൾ ആറാം കിരീടത്തിനരികെ നിൽക്കുന്നു പഞ്ചാബുകാരൻ ഉദയ് ‌സഹറാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികളെങ്കിലും വിജയസാധ്യതയുടെ ത്രാസിൽ ഇന്ത്യയുടെ തട്ട് താഴ്ന്നു കിടക്കുന്നു.  ഫൈനലിൽ ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന ചില ഘടകങ്ങൾ ഇവയാണ്. 

മികച്ച ബാറ്റിങ് ലൈനപ്പ് 

ടൂർണമെന്റിൽ ഇതുവരെയുള്ള 6 മത്സരങ്ങളിൽ അഞ്ചിലും ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഈ മത്സരങ്ങളിലെല്ലാം 250നു മുകളിൽ സ്കോർ നേടി. ഈ ലോകകപ്പിലെ ഇതുവരെയുളള 11 സെഞ്ചറികളിൽ അഞ്ചും നേടിയത് ഇന്ത്യൻ ബാറ്റർമാർ. ടൂർണമെന്റ് ടോപ് സ്കോറർമാരിൽ ആദ്യ 3 സ്ഥാനങ്ങളിലും ഇന്ത്യൻ ആധിപത്യം; ഉദയ് സഹറാൻ (389 റൺസ്), മുഷീർ ഖാൻ (336), സച്ചിൻ ധസ് (294).

ജൂനിയർ ജഡേജ

സ്പിൻ ബോളിങ് മികവിൽ ജൂനിയർ ജഡേജയെന്ന വിളിപ്പേരു നേടിയ വൈസ് ക്യാപ്റ്റൻ സൗമി പാണ്ഡെ ബോളിങ്ങിൽ ഇന്ത്യയുടെ വജ്രായുധം. 6 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയ പാണ്ഡെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ്. ഇക്കോണമി റേറ്റ് 2.44 മാത്രം. പാണ്ഡെയുടെ 17 വിക്കറ്റുകളിൽ പതിനൊന്നും എൽബിഡബ്ല്യുവോ ബോൾഡോ ആയിരുന്നു. 

Read Also:  ഭാര്യയെ അപമാനിക്കാൻ ശ്രമം, മാന്യതയ്ക്കു നിരക്കാത്തത്: പിതാവിനു മറുപടിയുമായി ജഡേജ

പറക്കും ഫീൽഡർമാർ

ഫീൽഡിങ് മികവിൽ ലോകകപ്പിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇൻസൈഡ് സർക്കിളിലെ 2 ഡൈവിങ് ക്യാച്ചുകൾ ഉൾപ്പെടെ ആകെ 5 ക്യാച്ചുകളാണ് ബോളിങ് ഓൾറൗണ്ടർ മുരുഗൻ അഭിഷേക് മാത്രം നേടിയത്. 5 ക്യാച്ചും 2 സ്റ്റംപിങ്ങുമായി വിക്കറ്റിനു പിന്നിൽ അരാവെല്ലി അവിനാഷും തിളങ്ങി. 

കണക്കിൽ മേൽക്കൈ

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇതിനു മുൻപ് 2 തവണയാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയത്. 2012ലും 2018ലും. 2 തവണയും ഇന്ത്യ ജേതാക്കളായി. 

English Summary:

India-Australia final in Under 19 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com