റെക്കോർഡ് സ്കോർ പടുത്തുയർത്തി, ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടി; മൈറ്റി ഓസീസിന്റെ വിജയമന്ത്രം
Mail This Article
ഐസിസി ടൂർണമെന്റുകളിലെ വിജയത്തിൽ മുൻ പന്തിയിലുള്ള ഓസ്ട്രേലിയയുടെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവലായി അണ്ടർ 19 ലോകകപ്പ് കിരീടം. ഇതോടെ ഓസ്ട്രേലിയയുടെ ഷെൽഫിലുള്ള ഐസിസി കിരീടങ്ങളുടെ എണ്ണം 14 ആയി ഉയർന്നു. അണ്ടർ 19 വിഭാഗത്തിലടക്കം 10 വിജയങ്ങളുള്ള ഇന്ത്യയാണ് ഓസീസിനു പിന്നിൽ രണ്ടാമതുള്ളത്.
ഫൈനലിൽ റെക്കോര്‍ഡ് ടോട്ടലാണ് ഓസ്ട്രേലിയ ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്. ഏഴിന് 253 റൺസെന്നത് അണ്ടർ 19 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറാണ്. 1998 ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ട് നേടിയ മൂന്നിന് 242 റൺസ് എന്ന ടോട്ടലിനെ മറികടന്നാണ് ഓസ്ട്രേലിയ പുതിയ ചരിത്രം കുറിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അവസാന പത്ത് ഓവറുകളിൽ അടിച്ചെടുത്തത് 66 റൺസ്. നാലാം വിക്കറ്റിൽ ഹർജാസ് സിങ്ങും റയാൻ ഹിക്സും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതും ഓസീസിനെ തുണച്ചു.
സ്കോർ 16 ൽ നിൽക്കെ സാം കൊൻസ്റ്റസിനെ ഓസ്ട്രേലിയയ്ക്കു നഷ്ടമായെങ്കിലും പെട്ടെന്നുള്ള തകർച്ചയെ അവർ പ്രതിരോധിച്ചത് കരുതലോടെയുള്ള ബാറ്റിങ്ങിലൂടെയായിരുന്നു. 94 റൺസിലെത്തിയപ്പോഴായിരുന്നു ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റു വീണത്. ക്യാപ്റ്റൻ ഹ്യൂഗ് വെയ്ബെൻ 66 പന്തിൽ 48 റൺസെടുത്തു പുറത്തായി. അഞ്ചു റൺസ് മാത്രം വ്യത്യാസത്തിൽ മൂന്നാം വിക്കറ്റും പോയത് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.
അർധ സെഞ്ചറിയുമായി കുതിച്ച ഹർജാസ് സിങ്ങിലായിരുന്നു ഓസ്ട്രേലിയയുടെ പിന്നീടുള്ള പ്രതീക്ഷ. 59 പന്തുകളിൽ താരം 50 തികച്ചു. മൂന്നു വീതം സിക്സും ഫോറും ബൗണ്ടറി കടത്തിയ ഹർജാസിനെ 55 റൺസിൽ എൽബിഡബ്ല്യു ആക്കി സൗമി പാണ്ഡെയാണ് ഓസ്ട്രേലിയയ്ക്ക് അടുത്ത തിരിച്ചടി നൽകിയത്. എന്നാൽ ഒലിവർ പീക്കിന്റെ രക്ഷാപ്രവർത്തനത്തിന് മറുപടി നൽകാൻ ഇന്ത്യയ്ക്കു സാധിച്ചില്ല.
43 പന്തിൽ 46 റൺസുമായി താരം പുറത്താകാതെ നിന്നു. താരത്തെ നേരത്തേ പുറത്താക്കാൻ സാധിച്ചിരുന്നെങ്കിൽ ഓസീസ് സ്കോർ 240ൽ ഒതുങ്ങുമായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ രാജ് ലിംബാനി ബോളിങ്ങിൽ ഇന്ത്യയുടെ കുന്തമുനയായി. നിർണായകമായ രണ്ടു വിക്കറ്റുകൾ പിഴുത നമൻ തിവാരിയും കയ്യടി നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഗംഭീര പ്രകടനം പ്രതീക്ഷിച്ചവർക്കു നിരാശയായിരുന്നു ഫലം. മുൻ മത്സരങ്ങളിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അർഷിൻ കുൽക്കർണി (മൂന്ന് റൺസ്), മുഷീർ ഖാൻ (22), ഉദയ് സഹറാൻ (എട്ട്), സച്ചിൻ ദാസ് (ഒൻപത്) എന്നിവർ വലിയ സ്കോറുകളില്ലാതെ മടങ്ങിയതോടെ ഇന്ത്യ തോൽവി മണത്തു.
77 പന്തിൽ 47 റൺസെടുത്ത ഓപ്പണർ ആദർശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മധ്യനിരയിൽ മുരുകൻ അഭിഷേകിന്റെ പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ എടുത്തു പറയാവുന്ന മറ്റൊരു കാര്യം. 46 പന്തുകൾ നേരിട്ട താരം 42 റൺസുമായി പൊരുതിനിന്ന ശേഷമാണ് കീഴടങ്ങിയത്. 27.5 ഓവറുകളിൽ (168 പന്തുകൾ) 100 പിന്നിട്ട ഇന്ത്യയെ ഓസീസ് ബോളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.
ഓസീസ് ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തി തുടങ്ങിയതോടെ ഇന്ത്യ തോൽവിയിലേക്ക് അടുത്തു. 200 റൺസ് പോലും നേടാനാകാതെയാണ് ഫൈനലിൽ ഇന്ത്യ തോൽവി സമ്മതിച്ചത്. ഇന്ത്യയുടെ ഏഴു ബാറ്റര്‍മാരാണ് രണ്ടക്കം കടക്കാനാകാതെ ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങിയത്. ഏഴ് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തിയ മഹ്‍ലി ബേഡ്മാൻ കളിയിലെ താരമായി. റാഫ് മക്മില്ലനും ഓസീസിനായി മൂന്നു വിക്കറ്റുകൾ നേടി.