സുവർണാവസരം നഷ്ടപ്പെടുത്തി, വീണ്ടും ഓസ്ട്രേലിയയോടു തോറ്റു; പകരംവീട്ടാന്‍ കാത്തിരിക്കണം
Mail This Article
അണ്ടർ 19 ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ ബെനോനിയിലെ ഗാലറിയിലെ ഇന്ത്യൻ ആരാധകന്റെ കയ്യിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ‘‘ഏകദിന ലോകകപ്പിൽ സീനിയേഴ്സിനേറ്റ തോൽവിക്ക് ഇന്ന് പകരം വീട്ടണം’’. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനൽ പോരാട്ടം ഇന്ത്യ തോറ്റതിൽ നിരാശനായ ആരാധകനാണ് ‘പ്രതികാര നടപടി’ സ്വീകരിക്കാൻ ഇന്ത്യയുടെ കൗമാരപ്പടയോട് ആഹ്വാനം ചെയ്തത്. അതിനു പറ്റിയ സുവർണാവസരം കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്കു ലഭിച്ചത്. എന്നാൽ സീനിയേഴ്സിനു സമാനമായി അണ്ടർ 19 ടീമും ആരാധകരെ നിരാശരാക്കി, തോൽവിയിലേക്കു വഴുതിവീണു.
ഇന്ത്യയിൽ നടന്ന സീനിയർ ടീമിന്റെ ഫൈനൽ പ്രവേശം പോലെ തന്നെയായിരുന്നു ജൂനിയർ പയ്യൻമാരും ഫൈനൽ വരെയെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിലൊഴികെ രോഹിത് ശർമ നയിച്ച ടീം ഇന്ത്യ ലോകകപ്പിലെ ഒരു കളിയും തോറ്റിട്ടില്ല. ജയങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയുടെ സമ്പൂർണ ആധിപത്യവുമായിരുന്നു. എന്നാൽ ഫൈനലിൽ ഓസീസിനു മുന്നിൽ കാലിടറി. ആറു വിക്കറ്റിന് ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയ കിരീടവുമായി മടങ്ങി.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താൻ വെല്ലുവിളികളില്ലാതെ ജയിച്ചു കയറിയത് ആറു കളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും സൂപ്പർ സിക്സിൽ രണ്ടും സെമി പോരാട്ടവും കടന്നാണ് യുവ ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. സെമി പോരാട്ടമൊഴികെ മറ്റെല്ലാ കളികളിലും ഇന്ത്യയുടെ മേൽക്കൈ അത്രത്തോളമുണ്ടായിരുന്നു.
ബംഗ്ലദേശിനെതിരെ 84 റൺസ് വിജയം
ജനുവരി 20ന് ബംഗ്ലദേശിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾക്കു തുടക്കമായത്. 84 റൺസിനു കളി ഇന്ത്യ ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസായിരുന്നു. ബംഗ്ല ബോളർ മറൂഫ് മൃദയുടെ മുന്നിൽ അർഷിൻ കുൽക്കർണിയും മുഷീർ ഖാനും തുടക്കത്തിൽ തന്നെ വീണപ്പോൾ മൂന്നാം വിക്കറ്റിൽ ആദർശ് സിങ്ങും ക്യാപ്റ്റൻ ഉദയ് സഹാറനും ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഇരുവരും അർധ സെഞ്ചറി തികച്ചു. മൂന്നാം വിക്കറ്റില്‍ 116 റൺസിന്റെ കൂട്ടുകെട്ട് ഉയർത്താനും താരങ്ങൾക്കു കഴിഞ്ഞു. ആരവെല്ലി അവനിഷും സച്ചിൻ ദാസും തിളങ്ങിയതോടെ ഇന്ത്യ ഏഴിന് 251 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിൽ വിക്കറ്റുപോകാതെ 38 റൺസെന്ന നിലയിൽനിന്ന് നാലിന് 50 എന്ന നിലയിലേക്ക് ബംഗ്ലദേശ് വീണു. സൗമി പാണ്ഡെ 24 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. 167 റണ്‍സില്‍ ബംഗ്ലദേശ് ഓൾ ഔട്ടായി.
201 റൺസ് വിജയം
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ സമ്പൂർണ ആധിപത്യം പുലർത്തിയ മത്സരം. മുഷീർ ഖാന്റെ സെഞ്ചറിയും (118), ഉദയ് സഹാറന്റെ (75) അർധ സെഞ്ചറിയും കരുത്തായ ഇന്നിങ്സിൽ ഇന്ത്യ നേടിയത് 301 റൺസ്. ആരവെല്ലി അവനിഷിന്റെയും സച്ചിന്‍ ദാസിന്റെയും കാമിയോ പ്രകടനങ്ങളും നിര്‍ണായകമായി. മറുപടിയിൽ നാലു വിക്കറ്റു വീഴ്ത്തിയ നമൻ തിവാരി ഐറിഷ് മുൻനിരയെ തച്ചുടച്ചു. മൂന്നു വിക്കറ്റുകളുമായി സൗമി പാണ്ഡെയും തിളങ്ങിയതോടെ അയർലൻഡ് 100 റൺസിനു പുറത്ത്. അയർലൻഡിന്റെ നാലു ബാറ്റർമാർ മാത്രമാണു രണ്ടക്കം കടന്നത്.
യുഎസിനെ 201 റൺസിനു കീഴടക്കി
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ്. അർഷിൻ കുൽക്കർണി സെഞ്ചറിയുമായി ടീമിനെ മുന്നിൽനിന്നു നയിച്ചു. മുഷീർഖാൻ അർധ സെഞ്ചറി തികച്ചു. മൂർച്ചയേറിയ ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ ആദ്യ എട്ട് ഓവറുകളിൽ തന്നെ യുഎസിന്റെ മൂന്നു വിക്കറ്റുകൾ വീണു. ഉത്കര്‍ഷ് ശ്രീവാസ്തവ പ്രതിരോധിച്ചുനിന്നതോടെ യുഎസിന് 50 ഓവർ ബാറ്റിങ് പൂര്‍ത്തിയാക്കാൻ സാധിച്ചു. എട്ട് വിക്കറ്റിന് യുഎസ് 125 റൺസെടുത്തു. നമൻ തിവാരി തുടർച്ചയായ രണ്ടാം മത്സരത്തിലും നാലു വിക്കറ്റുകൾ വീഴ്ത്തി.
സൂപ്പർ സിക്സിലും വമ്പൻ വിജയം
സൂപ്പർ സിക്സിൽ കരുത്തരായ കിവീസിനെതിരെ 214 റൺസ് വിജയവുമായി ഇന്ത്യയുടെ വിജയത്തുടർച്ച. 131 റൺസുമായി മുഷീർ ഖാൻ ടൂർണമെന്റിലെ രണ്ടാം സെഞ്ചറി പൂർത്തിയാക്കിയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ സ്കോർ 295. അതിവേഗം രണ്ടു വിക്കറ്റുകൾ വീഴ്ത്തി രാജ് ലിംബാനി ഇന്ത്യയ്ക്ക് ആധിപത്യം സമ്മാനിച്ചു. സൗമി പാണ്ഡെ വീണ്ടും നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കിവീസ് വെറും 81 റൺസിന് ഓൾ ഔട്ട്.
അയൽക്കാരെ തോൽപിച്ച് സെമിയിൽ
സൂപ്പർ സിക്സിലെ അവസാന പോരാട്ടത്തിൽ അയൽക്കാരായ നേപ്പാളായിരുന്നു ഇന്ത്യയുടെ എതിരാളികൾ. 132 റണ്‍സ് വിജയം ഇന്ത്യ സ്വന്തമാക്കി. ഉദയ് സഹാറനും സച്ചിൻ ദാസും സെഞ്ചറി നേടി. നാലാം വിക്കറ്റിൽ 215 റൺസാണ് ഇരു താരങ്ങളും ചേർന്ന് അടിച്ചുകൂട്ടിയത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തില്‍ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റു പോകാതെ 48 റൺസെടുത്ത നേപ്പാളിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. നേപ്പാളിന്റെ അഞ്ച് ബാറ്റർമാർ മാത്രമാണു രണ്ടക്കം കടന്നത്. ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ അവർക്കു സാധിച്ചുള്ളൂ.
സെമിയിൽ കടുപ്പം
ടൂർണമെന്റിൽ ഇന്ത്യ ആദ്യം ബോളിങ്ങിനിറങ്ങിയ ആദ്യത്തെ പോരാട്ടമായിരുന്നു ഇത്. ബോളർമാർ നല്ലപോലെ പരീക്ഷിക്കപ്പെട്ട കളിയിൽ ദക്ഷിണാഫ്രിക്ക നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 244 റൺസ്. ഓപ്പണർ ലുവാന്‍ ഡെ പ്രെട്ടോറിയസ് (102 പന്തിൽ 76), റിച്ചഡ് സെലെറ്റ്‍സ്വെയ്ൻ (100 പന്തിൽ 64) എന്നിവർ അർധ സെഞ്ചറി പൂർത്തിയാക്കി. ഇന്ത്യയ്ക്കായി രാജ് ലിംബാനി മൂന്നു വിക്കറ്റുകളും മുഷീർ ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഇന്ത്യയ്ക്ക് ആദർശ് സിങ്ങിനെ നഷ്ടമായി. 11.2 ഓവറിൽ 32ന് നാല് എന്ന നിലയിലേക്കു വീണ ഇന്ത്യയെ ഒരിക്കൽ കൂടി ക്യാപ്റ്റൻ ഉദയ് സഹാറനും സച്ചിൻ ദാസും ചേർന്നു രക്ഷിച്ചു. 95 പന്തുകൾ നേരിട്ട് സച്ചിന്‍ 96 റൺസും 124 പന്തുകളിൽനിന്ന് ഉദയ് 81 റൺസും അടിച്ചെടുത്തു. 48.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം തൊട്ടു.