ADVERTISEMENT

ബെനോനി∙ ഒടുവിൽ ഭയന്നതു തന്നെ സംഭവിച്ചു. ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കുക എന്ന ദൗത്യത്തിനു മുന്നിൽ ഇന്ത്യ ഒരിക്കൽ കൂടി തോൽവി സമ്മതിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കു ശേഷം അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ വീണത്. കപ്പ് നിലനിർത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയത് 79 റൺസിന്റെ മിന്നും വിജയം.

ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ ഇന്ത്യ 43.5 ഓവറിൽ 174 റൺസെടുത്തു പുറത്തായി. അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടമാണ് ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ സ്വന്തമാക്കിയത്. 77 പന്തുകൾ നേരിട്ട് 47 റൺസെടുത്ത ആദർശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മഹ്‍ലി ബേഡ്മാൻ, റാഫ് മക്മിലൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ത്യൻ നിരയിൽ മുരുകൻ അഭിഷേക് (46 പന്തിൽ 42), മുഷീർ ഖാൻ (33 പന്തിൽ 22), നമൻ തിവാരി (35 പന്തില്‍ 14)  എന്നിവരാണ് ആദർശ് സിങ്ങിനെ കൂടാതെ രണ്ടക്കം കടന്ന ഇന്ത്യൻ ബാറ്റർമാർ. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയോടു തോൽക്കുന്നത്. മുൻപ് രണ്ടു തവണ നേർക്കുനേർ വന്നപ്പോഴും ഇന്ത്യയ്ക്കായിരുന്നു വിജയം.

മറുപടി ബാറ്റിങ്ങിൽ മൂന്ന് റൺസിൽ നിൽക്കെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. അർഷിൻ കുൽക്കർണിയെ കലും വിഡ്‍ലർ ഓസീസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. തകർപ്പൻ ഫോമിലുള്ള മുഷീർ ഖാനും ഫൈനലിൽ കാലിടറി. മഹ്‍ലി ബേർഡ്മാന്റെ പന്തു നേരിടാനാകാതെ മുഷീർ ബോൾഡാകുകയായിരുന്നു. ഉദയ് സഹറാനും സച്ചിൻ ദാസും തിളങ്ങാനാകാതെ മടങ്ങിയതോടെ ഇന്ത്യ കടുത്ത സമ്മർദത്തിലായി.

ബേഡ്മാന്റെ പന്തിൽ ഓസീസ് ക്യാപ്റ്റൻ വെയ്ബെൻ ക്യാച്ചെടുത്താണ് സഹറാനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ മക്മില്ലന്റെ പന്തിൽ സച്ചിൻ ദാസും മടങ്ങി. മധ്യനിരയും വാലറ്റവും വലിയ പോരാട്ടങ്ങളില്ലാതെയാണ് തോൽവി സമ്മതിച്ചത്. പ്രിയൻഷു മൊലിയ ഒൻപതു റൺസെടുത്തു. സ്കോർ 91 ൽ നിൽക്കെ വിക്കറ്റ് കീപ്പർ ബാറ്റർ അരവെല്ലി അവനിഷ് പൂജ്യത്തിനു പുറത്തായി.

27.5 ഓവറിലാണ് (168 പന്തുകൾ) ഇന്ത്യ 100 കടന്നത്. തുടർച്ചയായി വിക്കറ്റുകൾ വീണപ്പോഴും ഓപ്പണർ ആദർശ് സിങ്ങിന്റെ സാന്നിധ്യമാണ് ഇന്ത്യയ്ക്ക് ചെറിയൊരു പ്രതീക്ഷയെങ്കിലും ബാക്കി വച്ചത്. പക്ഷേ അർധ സെഞ്ചറി തികയ്ക്കാനാകാതെ താരം മടങ്ങി. സ്കോർ 115 ൽ നിൽക്കെ ബേഡ്മാന്റെ പന്തിൽ ഓസീസ് വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് ആദർശിനെ പുറത്താക്കി. വാലറ്റത്ത് പൊരുതി നിന്ന മുരുകൻ അഭിഷേകിനെ കലും വിഡ്‍ലറുടെ പന്തിൽ ഓസീസ് ക്യാപ്റ്റൻ ക്യാച്ചെടുത്തു പുറത്താക്കി. നമൻ തിവാരി 35 പന്തിൽ 14 റൺസെടുത്തു.

ഹർജാസ് സിങ്ങിന് അർധ സെഞ്ചറി, ഓസ്ട്രേലിയ ഏഴിന് 253

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഹർസജ് സിങ്ങാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 64 പന്തുകൾ നേരിട്ട താരം 55 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ ഹ്യൂഗ് വെയ്ബെൻ (66 പന്തിൽ 48), ഹാരി ഡിക്സൻ (56 പന്തിൽ 42), ഒലിവർ പീക്ക് (43 പന്തിൽ 46) എന്നിവരും ഓസ്ട്രേലിയയ്ക്കായി തിളങ്ങി.

സ്കോർ 16 ൽ നിൽക്കെ ഓപ്പണര്‍ സാം കൊൻസ്റ്റസാണ് ഓസീസ് നിരയിൽ ആദ്യം പുറത്തായത്. എട്ടു പന്തുകൾ നേരിട്ട താരത്തെ പൂജ്യത്തിന് പേസര്‍ രാജ് ലിംബാനി ബോൾഡാക്കുകയായിരുന്നു. ക്യാപ്റ്റൻ ഹ്യൂഗ് വെയ്ബനും ഹാരി ഡിക്സനും തകർത്തടിച്ചതോടെ ഓസീസ് സ്കോർ കുതിച്ചു. എന്നാൽ 100 എത്തും മുൻപേ ഓസീസ് ക്യാപ്റ്റനെ ഇന്ത്യ മടക്കി. ഹ്യൂഗ് വെയ്ബെനെ നമൻ തിവാരി മുഷീര്‍ ഖാന്റെ കൈകളിലെത്തിച്ചു. 

നമൻ തിവാരിയുടെ അടുത്ത ഓവറിൽ ഹാരി ഡിക്സനും അടിപതറി. മുരുകൻ അഭിഷേകിന്റെ തകർപ്പനൊരു ക്യാച്ചിലാണു താരം പുറത്തായത്. 23 ഓവറുകളിലാണ് ഓസ്ട്രേലിയ 100 പിന്നിട്ടത്. ഹർജാസ് സിങ് ഓസീസ് ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 35–ാം ഓവറില്‍ അവരുടെ നാലാം വിക്കറ്റ് വീണു. റയാൻ ഹിക്സിനെ രാജ് ലിംബാനി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. 

അർധ സെഞ്ചറിയുമായി കുതിച്ച ഹർജാസ് സിങ് ഓസീസ് ഇന്നിങ്സിനു പ്രതീക്ഷ നൽകി, പക്ഷേ താരത്തിന്റെ പോരാട്ടം അധികം നീണ്ടില്ല. സൗമി പാണ്ഡെയുടെ പന്തിൽ എൽബിഡബ്ല്യു ആയി ഹർജാസ് മടങ്ങി. റാഫ് മക്മില്ലനെ മുഷീർ ഖാൻ സ്വന്തം പന്തിൽ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി. 42 ഓവറിൽ ഓസ്ട്രേലിയൻ സ്കോർ 200 പിന്നിട്ടു. തൊട്ടുപിന്നാലെ ആൻഡേഴ്സനെ വീഴ്ത്തി ലിംബാനി വിക്കറ്റ് നേട്ടം മൂന്നാക്കി. അവസാന ഓവറുകളിൽ സ്കോർ കണ്ടെത്തിയ ഒലിവർ പീക്ക് ഓസ്ട്രേലിയയെ 250 കടത്തി. നമൻ തിവാരി രണ്ടും സൗമി പാണ്ഡെ, മുഷീർ ഖാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

English Summary:

India vs Australia, Under 19 World Cup Final Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com