ADVERTISEMENT

‌മുംബൈ∙താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാളും ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നൽകണമെന്ന നിലപാടിൽ ബിസിസിഐ. ഇതുസംബന്ധിച്ച് ശക്തമായ നിർദേശം ബിസിസിഐ താരങ്ങൾക്കു നൽകിയതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇഷാൻ കിഷൻ ഉൾപ്പെടെ നിരവധി പേർ രഞ്ജി ട്രോഫിയിൽ കളിക്കാതെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനായുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടൽ.

‘‘എല്ലാ താരങ്ങളും അവരുടെ സംസ്ഥാനത്തെ ടീമിനു വേണ്ടി രഞ്ജി കളിക്കാന്‍ തയാറായിരിക്കണമെന്ന നിർദേശം ഉടൻ തന്നെ താരങ്ങളിലേക്കെത്തും. ദേശീയ ടീമിനൊപ്പമില്ലാത്ത താരങ്ങൾ ഫിറ്റല്ലാതിരിക്കുകയോ, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിൽ ആണെങ്കിലോ മാത്രമായിരിക്കും ഇക്കാര്യത്തിൽ ഇളവു ലഭിക്കുക.’’– ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞു.

ഇന്ത്യന്‍ സീനിയർ ടീമിലെ പ്രധാന താരങ്ങൾക്കടക്കം ഇക്കാര്യത്തിൽ ഇളവു നൽകേണ്ടതില്ലെന്നാണു ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിൽനിന്ന് മാനസിക സമ്മർദം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാൻ കിഷൻ നിലവിൽ ബറോ‍ഡയിലാണുള്ളത്. ഹാർദിക് പാണ്ഡ്യയ്ക്കും ക്രുനാൽ പാണ്ഡ്യയ്ക്കുമൊപ്പം ഐപിഎൽ സീസണിനായുള്ള പരിശീലനത്തിലാണു താരം. ഐപിഎല്ലിൽ പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇഷാൻ.

ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിനു മുന്നോടിയായി രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇഷാൻ തയാറായിരുന്നില്ല. ബിസിസിഐയുടെ ഉപദേശം ഇഷാൻ തള്ളിക്കളഞ്ഞതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാൻ കിഷൻ കളിക്കുന്നില്ല. എന്നാൽ ഇഷാനോട് രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

English Summary:

BCCI wants players to prioritise domestic tournaments ahead of IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com