കുടിശിക പണം അടച്ചില്ല, രാജസ്ഥാൻ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് പൂട്ടി സീൽ ചെയ്തു

Mail This Article
ജയ്പൂർ∙ ഐപിഎല്ലിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ട് സീൽ ചെയ്ത് രാജസ്ഥാൻ സ്പോർട്സ് കൗണ്‍സിൽ. കുടിശികയുള്ള പണം അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സവാങ് മാൻ സിങ് സ്റ്റേഡിയം സ്പോര്‍ട്സ് കൗൺസിൽ അടച്ചുപൂട്ടിയത്. ഇവിടെ പ്രവർത്തിക്കുന്ന രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫിസും അക്കാദമിയും സീൽ ചെയ്തു.
സ്റ്റേഡിയം കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് അസോസിയേഷന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി റാം ചൗധരി കത്തു നൽകിയിരുന്നു. എന്നാൽ സ്റ്റേഡിയം കൈമാറാൻ ക്രിക്കറ്റ് അസോസിയേഷൻ തയാറായില്ല. ഇതോടെയാണു നടപടിയെടുത്തത്. ‘‘ഞങ്ങൾ അവര്‍ക്കു പല തവണ നോട്ടിസ് അയച്ചിരുന്നു. എന്നാൽ അതിനൊന്നും മറുപടി പോലും നൽകിയില്ല. കരാർ എട്ട് വർഷത്തിൽനിന്ന് 10 വർഷം ആക്കി നീട്ടാൻ മാത്രമായിരുന്നു അവരുടെ ആവശ്യം. ബാധ്യതകളൊന്നും വീട്ടാൻ അവർ തയാറായില്ല. ഞങ്ങൾ ഇക്കാര്യത്തിൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു. അവർക്ക് 200 കോടിയോളം രൂപ ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഒന്നും കിട്ടിയില്ലെന്നാണു പറയുന്നത്.’’– റാം ചൗധരി പ്രതികരിച്ചു.
രാജസ്ഥാൻ പ്രീമിയർ ലീഗിന്റെ സമയത്ത് ക്രിക്കറ്റ് അസോസിയേഷന് ഒരുപാടു പണം ലഭിച്ചിരുന്നെന്നും അതൊന്നും വാടകയ്ക്ക് ഉപയോഗിച്ചില്ലെന്നും സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി. ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ രാജസ്ഥാൻ റോയല്‍സിന്റെ മത്സരങ്ങൾ സവായ് മാൻ സിങ് സ്റ്റേഡിയത്തിൽ നടത്തുന്നതിനു തടസ്സമുണ്ടാകില്ല. താരങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നും ദേശീയ, രാജ്യാന്തര മത്സരങ്ങൾ ഇവിടെ തന്നെ നടത്താമെന്നും സ്പോര്‍ട്സ് കൗൺസിൽ വ്യക്തമാക്കി.
എന്നാൽ ക്രിക്കറ്റ് അസോസിയേഷനു പ്രതികരിക്കാൻ ആവശ്യത്തിനു സമയം ലഭിച്ചില്ലെന്നും സംഭവത്തിനു പിന്നിൽ രാഷ്ട്രീയക്കളിയാണെന്നും ആർസിഎ പ്രസിഡന്റ് വൈഭവ് ഗെലോട്ട് പ്രതികരിച്ചു. ‘‘പഴയ കുടിശികയുടെ പേരിലാണ് ഇപ്പോഴത്തെ നടപടി. രാഷ്ട്രീയക്കാർ ഒരിക്കലും സ്പോർട്സിൽ ഇടപെടാൻ പാടില്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല.’’– വൈഭവ് ഗെലോട്ട് വ്യക്തമാക്കി.