ഗുജറാത്ത് ടൈറ്റൻസ് താരത്തിന് വാഹനാപകടത്തിൽ പരുക്ക്, ബൈക്ക് തകർന്നു; ഐപിഎൽ നഷ്ടമാകുമോ?
Mail This Article
റാഞ്ചി∙ ജാർഖണ്ഡ‍് ക്രിക്കറ്റ് താരം റോബിൻ മിൻസിന് വാഹനാപകടത്തിൽ പരുക്ക്. ഗുജറാത്ത് ടൈറ്റൻസ് 3.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് റോബിൻ മിൻസ്. റോബിൻ മിൻസിന്റെ പിതാവാണ് താരത്തിന് വാഹനാപകടത്തിൽ പരുക്കേറ്റ വിവരം പുറത്തുവിട്ടത്. ബൈക്ക് ഓടിച്ചുപോകുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താരത്തിന്റെ പരുക്കു ഗുരുതരമല്ലെന്നും ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ടെന്നും പിതാവ് ഫ്രാൻസിസ് മിൻസ് മാധ്യമങ്ങളോടു പറഞ്ഞു.
അപകടത്തിൽ ബൈക്കിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. റോബിൻ മിൻസിന്റെ വലതു കാൽമുട്ടിന് പരുക്കുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയുടെ ഗുരു ചഞ്ചൽ ഭട്ടാചാര്യയ്ക്കു കീഴിലാണ് റോബിനും പരിശീലിക്കുന്നത്. താരത്തെ മുംബൈ ഇന്ത്യൻസ് യുകെയിൽ പരിശീലനത്തിന് അയച്ചിരുന്നു.
ജാർഖണ്ഡിനായി അണ്ടർ 19, അണ്ടർ 25 ടീമുകളിൽ കളിച്ചിട്ടുള്ള താരത്തിന് ഇതുവരെ സീനിയർ ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഗുംല സ്വദേശിയായ റോബിൻ മിൻസ് നിലവിൽ റാഞ്ചിയിലാണു താമസിക്കുന്നത്. താരത്തിന്റെ പിതാവ് ബിർസ മുണ്ട വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. വരുന്ന സീസണിൽ ഐപിഎല്ലിൽ കളിക്കാമെന്ന പ്രതീക്ഷയുമായി പരിശീലിക്കുന്നതിനിടെയാണു വാഹനാപകടത്തിൽപെട്ടത്.
വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറായുള്ള ടീമിൽ യുവതാരത്തിന് പ്ലേയിങ് ഇലവനില്‍ ബാറ്ററായി കളിക്കേണ്ടിവരും. നേരത്തേ ലക്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ട്രയൽസിൽ താരം പങ്കെടുത്തിരുന്നെങ്കിലും ടീമിൽ അവസരം ലഭിച്ചിരുന്നില്ല.