അടുത്തകാലത്തൊന്നും ഇന്ത്യന്‍ ടീമിൽ കളിക്കാനാകുമെന്നു തോന്നുന്നില്ല; 34–ാം വയസ്സിൽ വിരമിച്ച് ഷഹബാസ് നദീം

Mail This Article
മുംബൈ∙ ഇന്ത്യൻ സ്പിന്നർ ഷഹബാസ് നദീം 34–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ദേശീയ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണു താരം വിരമിക്കാൻ തീരുമാനിച്ചത്. ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനാണു താരത്തിന്റെ തീരുമാനം. യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കുന്നതാണു നല്ലതെന്നും ഷഹബാസ് നദീം വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിന്റെ താരമാണു ഷഹബാസ്.
Read Also: സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായി, ചെഹലിന്റെ ഭാര്യ ധനശ്രീക്കെതിരെ വൻ വിമർശനം
‘‘സിലക്ടര്‍മാരുടെ മുന്നിൽ ഇപ്പോൾ ഞാനില്ല. യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുകയാണ്. എനിക്ക് ഇനിയും ഇന്ത്യൻ ടീമിനായി കളിക്കാൻ സാധിക്കില്ലെന്നു വ്യക്തമായി.’’– ഷഹബാസ് നദീം വാർത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. അടുത്ത കാലത്തൊന്നും ഇന്ത്യൻ ടീമില്‍ ഇനി കളിക്കാനാകുമെന്നു തോന്നുന്നില്ലെന്നും ഷഹബാസ് പറഞ്ഞു.
‘‘ഇന്ത്യൻ ടീമിൽനിന്നു വിരമിച്ച ശേഷം വ്യത്യസ്തമായ ക്രിക്കറ്റ് ലീഗുകളിൽ ഭാഗ്യപരീക്ഷണം നടത്താനാണ് എന്റെ തീരുമാനം. ഇതാണു ശരിയായ സമയം. വ്യക്തിപരമായ റെക്കോർഡുകൾക്കു വേണ്ടി സംസ്ഥാന ടീമിൽ കളിക്കുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ ടീമിനായി കുറച്ചു ടെസ്റ്റ് മത്സരങ്ങൾ കൂടി കളിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട്.’’– ഷഹബാസ് നദീം വ്യക്തമാക്കി.
ഇന്ത്യയ്ക്കായി രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ഷഹബാസ് നദീം കളിച്ചിട്ടുള്ളത്. 2019ൽ റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. രണ്ടു വര്‍ഷങ്ങൾക്കു ശേഷം 2021 ൽ ഇംഗ്ലണ്ടിനെതിരെയും കളിക്കാനിറങ്ങി. ജാർഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റിൽ 20 വർഷത്തോളം കളിച്ച താരം, 140 മത്സരങ്ങളിൽനിന്നായി 542 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2015–16, 2016–17 രഞ്ജി സീസണുകളിൽ കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചു.