വിദർഭ 105ന് പുറത്ത്, മുംബൈയ്ക്ക് 260 റൺസ് രണ്ടാം ഇന്നിങ്സ് ലീഡ്

Mail This Article
മുംബൈ ∙ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ഫൈനലിൽ മുംബൈ ജയത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ വിദർഭയെ 105 റൺസിന് പുറത്താക്കിയ മുംബൈ, രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 2ന് 141 എന്ന നിലയിലാണ്. 58 റൺസുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെയും 51 റൺസുമായി മുഷീർ ഖാനുമാണ് ക്രീസിൽ. മുംബൈയ്ക്കിപ്പോൾ ആകെ 260 റൺസ് ലീഡുണ്ട്. സ്കോർ: മുംബൈ ഒന്നാം ഇന്നിങ്സ് 224, രണ്ടാം ഇന്നിങ്സ് 2ന് 141. വിദർഭ ഒന്നാം ഇന്നിങ്സ് 105.
3ന് 31 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച വിദർഭയെ നിലയുറപ്പിക്കാൻ മുംബൈ ബോളർമാർ സമ്മതിച്ചില്ല. 3 വിക്കറ്റ് വീതം വീഴ്ത്തിയ ധവൽ കുൽക്കർണി, ഷംസ് മുലാനി, തനുഷ് കോട്ടിയാൻ എന്നിവർ ചേർന്ന് വിദർഭയെ 105 റൺസിൽ ചുരുട്ടിക്കെട്ടി.
119 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ പൃഥ്വി ഷായെയും (11) ഭുപൻ ലാൽവനിയെയും (18) നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ 107 റൺസ് ചേർത്ത രഹാനെ– മുഷീർ സഖ്യം മത്സരത്തിൽ മുംബൈയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.