‘രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് സൂര്യകുമാർ യാദവിനെ ഓർമിപ്പിക്കുന്നു’

Mail This Article
മുംബൈ ∙ രാജസ്ഥാൻ റോയൽസിന്റെ യുവതാരം റിയാൻ പരാഗിന്റെ ബാറ്റിങ്, കരിയറിന്റെ തുടക്കകാലത്തുള്ള സൂര്യകുമാർ യാദവിനെ ഓർമിപ്പിക്കുന്നതായി റോയൽസിന്റെ സഹപരിശീലകൻ ഷെയ്ൻ ബോണ്ട്. മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ 6 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു ബോണ്ടിന്റെ പ്രതികരണം.
‘പരാഗിന്റെ ബാറ്റിങ് കാണുമ്പോൾ വർഷങ്ങൾക്കു മുൻപ് മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തിയ സൂര്യകുമാർ യാദവിനെ ഓർമ വരുന്നു. മുംബൈയിൽ എത്തുമ്പോൾ പരാഗിന്റെ അതേ പ്രായമായിരുന്നു സൂര്യയ്ക്കും. ഇരുവരുടെയും ബാറ്റിങ് ശൈലിയിൽ സാമ്യതകളുണ്ട്. പരിശ്രമിച്ചാൽ സൂര്യയെപ്പോലെ വളരാനുള്ള കഴിവ് പരാഗിനുമുണ്ട്. മുംബൈയ്ക്കെതിരായ പ്രകടനം അതിന്റെ സൂചനയാണ്’– ബോണ്ട് പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 15.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മറുപടി ബാറ്റിങ്ങിൽ മുൻനിര പതറിയെങ്കിലും 39 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്ന പരാഗിന്റെ ഇന്നിങ്സാണ് രാജസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്.