ബാറ്റർമാർക്ക് അമിത ആനുകൂല്യം ലഭിക്കുന്നു, ബൗണ്ടറി ദൂരം കൂട്ടണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം
Mail This Article
ജയ്പൂർ∙ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ബൗണ്ടറികളുടെ ദൂരം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. പവർഹിറ്റർമാരായ ബാറ്റർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബൗണ്ടറികൾ ചെറുതാണെന്നാണ് അശ്വിന്റെ വാദം. ക്രിക്കറ്റ് എന്നത് ബാറ്റർമാർക്കു മാത്രം അനുകൂലമാകാതിരിക്കാൻ മാറ്റങ്ങൾ കൊണ്ടുവരണമെന്നും അശ്വിൻ പ്രതികരിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് അശ്വിൻ.
‘‘പവർഹിറ്റർമാരായ ബാറ്റർമാരുടെ എണ്ണം വർധിക്കുന്നതോടെ ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിസ്തൃതി ചർച്ചയാകുകയാണ്. പതിറ്റാണ്ടുകൾക്കു മുൻപു നിശ്ചയിച്ച സ്റ്റേഡിയങ്ങളുടെ വലുപ്പം ആധുനിക കാലത്തെ ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ല. മത്സര നിയമങ്ങളിൽ ബാറ്റർമാർക്ക് അനുകൂലമായ ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ എൽഇഡി ഡിസ്പ്ലേ ബോർഡുകൾ വന്നതോടെ ബൗണ്ടറികളിലേക്കുള്ള ദൂരം വീണ്ടും കുറഞ്ഞു.’’– അശ്വിൻ വ്യക്തമാക്കി.
ബൗണ്ടറികളിലേക്കുള്ള ദൂരം കൂട്ടിയില്ലെങ്കിൽ ബോളര്‍മാർ വെറും കാഴ്ചക്കാരായി മാറുമെന്നും ക്രിക്കറ്റ് മത്സരങ്ങൾ ഏകപക്ഷീയമാകുമെന്നും അശ്വിൻ മുന്നറിയിപ്പു നൽകുന്നു. ഐപിഎല്ലിൽ ഒൻപതു മത്സരങ്ങൾ കളിച്ച അശ്വിന് ഇതുവരെ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ഒൻപത് ഇന്നിങ്സുകളിൽ ഇതുവരെ 35 ഓവറുകൾ താരം പന്തെറിഞ്ഞപ്പോൾ, രണ്ട് വിക്കറ്റുകളാണു ഇതുവരെ വീഴ്ത്തിയത്. 315 റൺസ് അശ്വിൻ 2024 ഐപിഎല്ലിൽ വഴങ്ങിയിട്ടുണ്ട്. 16 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്.