ജയിംസ് ആൻഡേഴ്സൻ ടെസ്റ്റിൽനിന്ന് വിരമിക്കുന്നു; വിൻഡീസിനെതിരായ ആദ്യ ടെസ്റ്റോടെ കളമൊഴിയും
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. ജൂലൈ 10 മുതൽ വെസ്റ്റിൻഡിസിനെതിരെ ലോർഡ്സിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ആൻഡേഴ്സൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആൻഡേഴ്സൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ, 21 വർഷം നീണ്ട ചരിത്രപരമായ കരിയറിനാണ് 41കാരനായ ആൻഡേഴ്സൻ തിരശീലയിടുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡ് ആൻഡേഴ്സന്റെ പേരിലാണ്. സ്പിൻ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിവർക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് ആൻഡേഴ്സൻ. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 400 മത്സരങ്ങൾ കളിച്ച ആൻഡേഴ്സൻ, ഇതിനകം 987 വിക്കറ്റുകളും സ്വന്തമാക്കി. ഇക്കാര്യത്തിൽ പേസ് ബോളർമാർക്കിടയിൽ ഒന്നാമൻ ആൻഡേഴ്സനാണ്.
ഇതുവരെ 187 ടെസ്റ്റുകളിൽ നിന്നായി 700 വിക്കറ്റുകളാണ് ആൻഡേഴ്സന്റെ സമ്പാദ്യം. ഇതിൽ 32 അഞ്ച് വിക്കറ്റ് നേട്ടങ്ങളും മൂന്ന് 10 വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു. 42 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. 71 റൺസ് വഴങ്ങി 11 വിക്കറ്റെടുത്തത് മത്സരത്തിലെ മികച്ച പ്രകടനവും. ഇതിനു പുറമേ 194 ഏകദിനങ്ങളിൽ നിന്നായി 269 വിക്കറ്റുകളും 19 ട്വന്റി20 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.