ADVERTISEMENT

ബെംഗളൂരു ∙ ജയിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ, ആ ഒരു ശതമാനം നൂറിലെത്തിക്കാൻ ഞങ്ങൾ ജീവൻ കൊടുത്തു പോരാടും; ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിനു മുൻപ് സൂപ്പർതാരം വിരാട് കോലി പറഞ്ഞത് ബെംഗളൂരു താരങ്ങൾ കളത്തിൽ ഒരുമിച്ചു യാഥാർഥ്യമാക്കി. ആ പോരാട്ടവീര്യത്തിനു മുൻപിൽ ഋതുരാജ് ഗെയ്ക്‌വാദിനും സംഘത്തിനും കാലിടറി. നിലവിലെ ചാംപ്യൻമാരായ ചെന്നൈയെ 27 റൺസിന് തോൽപിച്ച് ഐപിഎൽ 17–ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവിന്റെ റോയൽ എൻട്രി! 

ബെംഗളൂരു ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക്, ജയിച്ചില്ലെങ്കിലും 201 റൺസ് നേടിയാൽ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ പ്ലേഓഫിൽ കടക്കാമായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിലെത്തിയപ്പോൾ പ്ലേഓഫ് ഉറപ്പിക്കാൻ 17 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്.

dhoni-1
ബെംഗളൂരുവിനെതിരെ ധോണിയുടെ ബാറ്റിങ്. Photo: X@IPL

യഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ എം.എസ്.ധോണിയുടെ പടുകൂറ്റൻ സിക്സ്. ചെന്നൈ ക്യാംപിൽ ആരവം. എന്നാൽ അടുത്ത പന്തിൽ ധോണി ഔട്ട്. അടുത്ത രണ്ടു പന്തുകളിൽ നിന്ന് ഷാർദൂൽ ഠാക്കൂറിന് നേടാനായത് ഒരു റൺസ് മാത്രം. അവസാന രണ്ട് പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ രവീന്ദ്ര ജഡേജ. എന്നാൽ ദയാലിന്റെ മനോഹരമായ രണ്ട് ബാക്ക് ഓഫ് ദ് ഹാൻഡ് പന്തുകൾ ജഡേജയെ മറികടന്ന് കീപ്പറുടെ കയ്യിലേക്ക്. പ്ലേഓഫ് കടമ്പയുടെ 10 റൺസ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം. ബെംഗളൂരുവിന് വിജയാഘോഷം. സ്കോർ: ബെംഗളൂരു 20 ഓവറിൽ 5ന് 218. ചെന്നൈ 20 ഓവറിൽ 7ന് 191.

പൊരുതി ചെന്നൈ

219 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയ്ക്ക് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ (0) നഷ്ടമായി. ഗ്ലെൻ മാക്സ്‌വെലിനായിരുന്നു വിക്കറ്റ്. പിന്നാലെ ഡാരിൽ മിച്ചലും (4) മടങ്ങിയതോടെ 2ന് 19 എന്ന നിലയിലായ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിൽ 41 പന്തി‍ൽ 61 റൺസ് ചേർത്ത് രചിൻ രവീന്ദ്ര (61) – അജിങ്ക്യ രഹാനെ (33) കൂട്ടുകെട്ടാണ്. എന്നാൽ ഇരുവരും പുറത്തായതോടെ ചെന്നൈ സ്കോറിങ് മന്ദഗതിയിലായി. ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജ (22 പന്തിൽ 42 നോട്ടൗട്ട്) – എം.എസ്.ധോണി (13 പന്തിൽ 25) ഒന്നിച്ചതോടെ ചെന്നൈ വീണ്ടും ട്രാക്കിലേക്കെത്തി. 27 പന്തിൽ 61 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. എന്നാൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ധോണി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

ഫാഫ്, ഫന്റാസിക്

kohli-1248
വിരാട് കോലിയുടെ ബാറ്റിങ്. Photo: X@RCB

പ്ലേഓഫ് ഉറപ്പിക്കാൻ മികച്ച വിജയം വേണമെന്നിരിക്കെ, തുടക്കം മുതൽ ആക്രമിച്ചു കളിച്ചാണ് ബെംഗളൂരു ഓപ്പണർമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും തുടങ്ങിയത്. സ്കോർ 3 ഓവറിൽ 31ൽ നിൽക്കെ മഴ പെയ്തു. മഴയ്ക്കു ശേഷം മത്സരം പുനരാരംഭിച്ചതോടെ ചെന്നൈ സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് നല്ല ടേണും ബൗൺസും ലഭിക്കാൻ തുടങ്ങി. അതോടെ ബെംഗളൂരുവിന്റെ സ്കോറിങ് നിരക്ക് കുറഞ്ഞു.  ഒന്നാം വിക്കറ്റിൽ 58 പന്തിൽ 78 റൺസാണ് വിരാട് കോലി (29 പന്തിൽ 47)– ഫാഫ് ഡുപ്ലെസി (39 പന്തിൽ 54) സഖ്യം നേടിയത്.

വൈകാതെ സ്കോറിങ് ഉയർത്താൻ ശ്രമിച്ച കോലിയും അർധ സെഞ്ചറി തികച്ചതിനു പിന്നാലെ ഡുപ്ലെസിയും മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രജത് പാട്ടിദാർ  (23 പന്തിൽ 41)– കാമറൂൺ ഗ്രീൻ (16 പന്തിൽ 37 നോട്ടൗട്ട്) സഖ്യം നടത്തിയ പ്രത്യാക്രമണമാണ് ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 28 പന്തിൽ 71 റൺസ് നേടി.

English Summary:

Chennai Super kings vs Royal challengers Bengaluru Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT