പറക്കും ക്യാച്ച് വൈറൽ, താരമായി കേരള വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ അലീന
Mail This Article
അടിമാലി ∙ ഒളിംപ്യൻ കെ.എം. ബീനാമോൾക്കും സഹോദരൻ ബിനുവിനും പിന്നാലെ ക്രിക്കറ്റിലും നേട്ടം കൊയ്ത് ഇടുക്കി പാറത്തോട്ടിൽ നിന്ന് യുവ വനിത ക്രിക്കറ്റ് താരം. പുല്ലുകണ്ടം കണ്ടച്ചാംകുന്നേൽ സുരേന്ദ്രൻ–ശാന്തിനി ദമ്പതികളുടെ മകൾ അലീന സുരേന്ദ്രൻ (23) ആണ് കേരള വനിതാ ടീമിലെ ഓൾ റൗണ്ടർ കളിക്കാരിയായി ശ്രദ്ധ ആകർഷിക്കുന്നത്.
തലശേരിയിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ നെസ്റ്റ് കൺസ്ട്രക്ഷൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന അലീന എടുത്ത പറക്കും ക്യാച്ച് സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. അടുത്ത മത്സരത്തിൽ 34 റൺസും 4 വിക്കറ്റും സ്വന്തമാക്കി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചത് ജന്മ നാടും ആഘോഷമാക്കി മാറ്റുകയാണ്.
തുടക്കം പാറത്തോട് സെന്റ് ജോർജ് സ്കൂളിൽ
കെ.എം. ബീനാമോളും ബിനുവും കായിക രംഗത്ത് ഹരിശ്രീ കുറിച്ച പാറത്തോട് സെന്റ് ജോർജ് സ്കൂളിൽ ആണ് അലീനയും പഠനത്തിന് എത്തിയത്. അത്‌ലറ്റിക്സ് താരമാകണമെന്ന ആഗ്രഹമാണ് മനസിൽ ഉണ്ടായിരുന്നത്. എന്നാൽ സഹോദരങ്ങളായ സിജിൽ, നിജിൽ എന്നിവർ വീട്ടു മുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നതു പതിവായതോടെ ഇവർക്കൊപ്പം ചേർന്നു. പണിക്കൻകുടി സ്കൂളിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് പരിശീലനത്തിൽ പങ്കെടുത്തു. സിലക്ഷൻ ലഭിച്ചതോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലേക്ക് പഠനം മാറ്റി.
വിവിധ കാറ്റഗറികളിൽ കേരളാ ടീമിനൊപ്പം
2014 ൽ അണ്ടർ–14 വിഭാഗത്തിൽ കേരളാ ടിമിൽ സ്ഥാനം പിടിച്ചു. തുടർന്ന് അണ്ടർ–16, അണ്ടർ– 19 വിഭാഗങ്ങളിൽ ഓൾ റൗണ്ടറായി കളിച്ചു. ഇപ്പോൾ കേരളാ വനിതാ ടീമിൽ ഓൾ റൗണ്ടറാണ്. ഇതിനിടെ വയനാട് പനങ്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. ആലുവ യുസി കോളജിലായിരുന്നു ബിരുദ, ബിരുദാനന്തര ബിരുദ പഠനം.