ADVERTISEMENT

അഹമ്മദാബാദ്∙ വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്ലബ് വിട്ട് മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിൽ ചേർന്ന് ഐപിഎല്‍ ട്രോഫി വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റ് ബെംഗളൂരു പുറത്തായതോടെയാണ് കെവിൻ പീറ്റേഴ്സൻ നിലപാടു വ്യക്തമാക്കിയത്. കായിക ലോകത്ത് പലരും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പീറ്റേഴ്സൻ ഒരു സ്പോര്‍ട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.

‘‘ഞാന്‍ ഇക്കാര്യം മുൻപും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും പറയുകയാണ്. കായിക ലോകത്തെ ഇതിഹാസങ്ങൾ നേട്ടങ്ങൾക്കായി മറ്റിടങ്ങളിലേക്കു ചേക്കേറിയിട്ടുണ്ട്. കോലി വളരെ കഠിനമായി ഐപിഎൽ ജയിക്കാൻ പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം ഈ സീസണിലും റൺവേട്ടക്കാർക്കായുള്ള ഓറഞ്ച് ക്യാപ് വിജയിച്ചു. പക്ഷേ അവരുടെ ഫ്രാഞ്ചൈസി തോറ്റുപോയി. ടീമിനു കോലിയിലൂടെ ലഭിക്കുന്ന വാണിജ്യ മൂല്യം എനിക്കു മനസ്സിലാകും. എന്നാൽ കോലി ഒരു ട്രോഫി അർഹിക്കുന്നുണ്ട്. ട്രോഫി നേടാൻ സഹായിക്കുന്ന ഒരു ടീമിലേക്കു കോലി മാറണം.’’

കോലി ഡൽഹി ക്യാപിറ്റൽസിൽ കളിക്കണമെന്നാണ് പീറ്റേഴ്സന്റെ ആഗ്രഹം. ഡൽഹി ഇതുവരെ ഐപിഎൽ ജയിച്ചിട്ടില്ലെങ്കിലും കോലിക്ക് അവിടെ കൂടുതൽ സാധ്യതകളുണ്ടാകുമെന്നാണ് പീറ്റേഴ്സന്റെ വാദം. ‘‘വിരാട് കോലി ഡൽഹി ക്യാപിറ്റൽസിൽ ചേരണം. അതാണു കോലിക്കു പറ്റിയ ഇടം. അദ്ദേഹത്തിന്റെ കുടുംബം അവിടെയാണുള്ളത്. അങ്ങോട്ട് തിരിച്ചുപോകുന്നതിൽ എന്താണു കുഴപ്പമുള്ളത്.?’’–പീറ്റേഴ്സൻ വ്യക്തമാക്കി.

ഐപിഎൽ സീസണിൽ ബെംഗളൂരുവിനായി 15 മത്സരങ്ങളും കളിച്ച കോലി 741 റൺസാണ് ആകെ നേടിയത്. ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും നേടിയാണ് കോലി റൺവേട്ടയിൽ മുന്നിലെത്തിയത്. രണ്ടാമതുള്ള ചെന്നൈ താരം ഋതുരാജ് ഗെയ്ക്‌വാദിന് 583 റൺസ് മാത്രമാണുള്ളത്. രാജസ്ഥാന്റെ റിയാൻ പരാഗും (567 റൺസ്), ഹൈദരാബാദിന്റെ ട്രാവിസ് ഹെഡുമാണ് (533 റൺസ്) ടോപ് സ്കോറർമാരിൽ മൂന്നും നാലും സ്ഥാനങ്ങളില്‍.

English Summary:

Leave RCB and play for DC: Kevin Pietersen's advice for Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com