ബംഗ്ലദേശ് വീണ്ടും ഞെട്ടി, രണ്ടാം ട്വന്റി20 ജയിച്ച് പരമ്പര പിടിച്ച് യുഎസ്
Mail This Article
ടെക്സസ്∙ ആദ്യ ട്വന്റി20 തോൽവിയുടെ ക്ഷീണം മാറുംമുൻപേ ബംഗ്ലദേശിനെ വീണ്ടും ഞെട്ടിച്ച് യുഎസ് ക്രിക്കറ്റ് ടീം. രണ്ടാം മത്സരം ആറു റൺസിനു ജയിച്ച യുഎസ് പരമ്പര വിജയിച്ചു. യുഎസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. അതേസമയം ട്വന്റി20 ലോകകപ്പിനുള്ള ‘സന്നാഹ’ മത്സരമായി മാത്രം പരമ്പരയെ കണ്ട ബംഗ്ലദേശിന് കനത്ത തിരിച്ചടിയായി തോൽവി. അവസാന മത്സരം വിജയിച്ച് ടീമിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ബംഗ്ലദേശിന്റെ ശ്രമം.
മത്സരത്തിൽ യുഎസ് ഉയർത്തിയ 145 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 138 റൺസിനു പുറത്തായി. ടോസ് നേടിയ ബംഗ്ലദേശ് യുഎസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ 38 പന്തിൽ 42 റൺസെടുത്തു. സ്റ്റീവൻ ടെയ്‍ലർ (28 പന്തിൽ 31), ആരൺ ജോൺസ് (34 പന്തിൽ 35) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ നാലു ബംഗ്ലദേശ് ബാറ്റർമാരാണു രണ്ടക്കം കടന്നത്.
ക്യാപ്റ്റൻ നജ്മുല്‍ ഹുസൈൻ ഷാന്റോ 34 പന്തിൽ 36 റൺസെടുത്ത് പുറത്തായി. 23 പന്തുകൾ നേരിട്ട ഷാക്കിബ് അൽ ഹസൻ 30 റൺസ് നേടി. മധ്യനിരയിലെ മറ്റു ബാറ്റർമാരും വാലറ്റവും അതിവേഗം മടങ്ങിയതോടെ ബംഗ്ലദേശ് തോൽവിയിലേക്കു വീണു. 19.3 ഓവറിൽ ബംഗ്ലദേശ് ഓൾഔട്ടായി. യുഎസിനായി അലി ഖാൻ മൂന്നും സൗരഭ് നേത്രവൽക്കർ, ഷാഡ്‍ലി വാൻ ഷാക്‌വിക്ക് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും.