പണ്ഡിറ്റിന്റെ പട്ടാളവും ‘ഗംഭീര’ കൂട്ടാളിയും, കൊൽക്കത്ത മൂന്നാം കിരീടത്തിലെത്തിയത് ഇങ്ങനെ

Mail This Article
2021ലെ ഐപിഎൽ ഫൈനൽ തോൽവിക്കു പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലം സ്ഥാനമൊഴിഞ്ഞു. ടീം ക്യാപ്റ്റൻ ഒയിൻ മോർഗനും ഫൈനൽ തോൽവി പുറത്തേക്കുള്ള വഴി തുറന്നു. നാഥനും നായകനുമില്ലാതായ ടീമിനെ ആരുടെ കയ്യിൽ ഏൽപിക്കുമെന്ന കൊൽക്കത്ത മാനേജ്മെന്റിന്റെ അന്വേഷണം ചെന്നെത്തിയത് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തൊട്ടതെല്ലാം പൊന്നാക്കിയ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിലേക്കും യുവതാരം ശ്രേയസ് അയ്യരിലേക്കുമായിരുന്നു.
ശ്രേയസിന്റെ വരവിൽ കാര്യമായ വിമർശനം ഉണ്ടായില്ലെങ്കിലും രാജ്യാന്തര പരിശീലകർ അരങ്ങുവാഴുന്ന ഐപിഎലിൽ ആഭ്യന്തര ക്രിക്കറ്റിലെ പരിചയസമ്പത്തുമാത്രം വച്ച് പണ്ഡിറ്റ് എന്തു ചെയ്യാനാണെന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയർന്നു. അടുത്ത രണ്ടു സീസണിലും ടീം ഏഴാം സ്ഥാനത്തേക്ക് വീണതോടെ പണ്ഡിറ്റ് കൂടുതൽ വിമർശനങ്ങൾ നേരിട്ടു. എന്നാൽ മൂന്നു വർഷം പൂർത്തിയാകുമ്പോൾ കൊൽക്കത്തയെ ഐപിഎൽ ജേതാക്കളാക്കി പണ്ഡിറ്റ് പറയാതെ പറയുന്നു, ലോക്കൽ ഈസ് ഇന്റർനാഷനൽ !
ആദ്യം അച്ചടക്കം
‘പണ്ഡിറ്റിന്റെ രീതികൾ പട്ടാള ക്യാംപിലേതു പോലെയാണ്. കളിക്കാർ എപ്പോൾ ഉറങ്ങണം, എപ്പോൾ എഴുന്നേൽക്കണം എന്നു തുടങ്ങി എന്തു വസ്ത്രം ധരിക്കണമെന്നുപോലും തീരുമാനിക്കുന്നത് അദ്ദേഹമാണ്’– ചന്ദ്രകാന്ത് പണ്ഡിറ്റിനെക്കുറിച്ച് മുൻ കൊൽക്കത്ത താരം ഡേവിഡ് വീസിന്റെ വാക്കുകൾ. പണ്ഡിറ്റിന്റെ ഈ പട്ടാളച്ചിട്ട ടീമിലെ വിദേശതാരങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുള്ളതായും വീസ് പറയുന്നു. എന്നാൽ തന്റെ രീതികൾ മാറ്റാൻ പണ്ഡിറ്റ് തയാറായിരുന്നില്ല. അച്ചടക്കമാണ് ഒരു ക്രിക്കറ്റർക്ക് ആദ്യം വേണ്ടതെന്നായിരുന്നു പണ്ഡിറ്റിന്റെ നയം. ടീമിൽ എത്തിയ ആദ്യ വർഷം തന്നെ കളിക്കാരുടെ ജീവിതശൈലി ചിട്ടപ്പെടുത്താനാണ് പണ്ഡിറ്റ് തീരുമാനിച്ചത്.
മറ്റു ടീമുകൾ സൂപ്പർ താരങ്ങൾക്കു പിന്നാലെ ഓടിയപ്പോൾ, ടീമിലെ ഓരോ പൊസിഷനിലേക്കും വേണ്ട കളിക്കാരെ ആഭ്യന്തര ക്രിക്കറ്റിൽ നിന്നു കണ്ടെത്തുന്നതിലായിരുന്നു പണ്ഡിറ്റിന്റെ ശ്രദ്ധ. മധ്യനിരയിൽ നിതീഷ് റാണ, വെങ്കടേഷ് അയ്യർ, ഫിനിഷർ റോളിൽ റിങ്കു സിങ്, രമൺദീപ് സിങ്, പേസ് നിരയിൽ ഹർഷിത് റാണ, വൈഭവ് അറോറ തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ മിടുക്കൻമാരെ ടീമിൽ എത്തിച്ചാണ് പണ്ഡിറ്റ് പടയൊരുക്കിയത്.
പണ്ഡിറ്റ് വെട്ടിയ വഴി
വിക്കറ്റ് കീപ്പർ ബാറ്ററായി കരിയർ ആരംഭിച്ച മുംബൈ സ്വദേശി ചന്ദ്രകാന്ത് പണ്ഡിറ്റ്, ഇന്ത്യയ്ക്കുവേണ്ടി 5 ടെസ്റ്റ് മത്സരങ്ങളും 36 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. എന്നാൽ പരിശീലകന്റെ റോളിലാണ് അദ്ദേഹം പേരെടുത്തത്. അറുപത്തിരണ്ടുകാരനായ പണ്ഡിറ്റ് പരിശീലിപ്പിച്ച ടീമുകൾ 6 വട്ടം രഞ്ജി ട്രോഫി ജേതാക്കളായി.
ഗൗതം ഗംഭീരം
പണ്ഡിറ്റിന്റെ ക്യാംപിൽ ചട്ടം പടിപ്പിക്കാനുള്ള ചുമതല ഗൗതം ഗംഭീറിനായിരുന്നു. ലക്നൗ ടീമിൽ നിന്ന് ഈ വർഷമാണ് മുൻ താരവും രണ്ടു തവണ കിരീടനേട്ടത്തിലേക്കു നയിച്ച ക്യാപ്റ്റനുമായ ഗംഭീറിനെ മെന്ററായി കൊൽക്കത്തയിൽ എത്തിച്ചത്. മിച്ചൽ സ്റ്റാർക്കിനെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ടീമിൽ എത്തിച്ചതും സുനിൽ നരെയ്നെ ഓപ്പണറുടെ റോളിലേക്ക് തിരികെ കൊണ്ടുവന്നതും ഗംഭീറിന്റെ ബുദ്ധിയാണ്. ജയത്തോടെ ക്യാപ്റ്റനായും ടീം മെന്ററായും കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും ഗംഭീർ സ്വന്തമാക്കി.