മോണിങ് ഷോ! ലോകകപ്പിലെ ആദ്യ മത്സരം നാളെ രാവിലെ ആറിന്; യുഎസ്എ– കാനഡ

Mail This Article
ഡാലസ് (യുഎസ്എ) ∙ ഒരു മാസം നീണ്ടുനിൽക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടങ്ങൾക്കു നാളെ യുഎസിലെ ഡാലസിൽ തുടക്കമാകും. കുട്ടി ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ പുതുമുഖങ്ങളായ യുഎസും കാനഡയും ഏറ്റുമുട്ടും. നാളെ രാവിലെ ഇന്ത്യൻ സമയം ആറിനാണ് മത്സരം. ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് യുഎസും കാനഡയും. നാളത്തെ രണ്ടാം മത്സരത്തിൽ രാത്രി എട്ടിന് വെസ്റ്റിൻഡീസ് പാപുവ ന്യൂഗിനിയെ നേരിടും.
വെസ്റ്റിൻഡീസിനൊപ്പം യുഎസ്എയും ആതിഥ്യം വഹിക്കുന്ന ഈ ലോകകപ്പിൽ, മത്സരിക്കുന്ന ടീമുകളുടെ എണ്ണം ഇരുപതായി ഉയർന്നുവെന്ന പ്രത്യേകതയുണ്ട്. ഗ്രൂപ്പ് റൗണ്ടിലെ 55 മത്സരങ്ങളിൽ 16 എണ്ണം യുഎസിലാണ്. പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ 4 മത്സരങ്ങളും ഇവിടെയാണ്. സൂപ്പർ 8, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വെസ്റ്റിൻഡീസിലാണ്. ജൂൺ 29നാണ് ഫൈനൽ.