രണ്ടു വർഷത്തിനു ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ്; ഋഷഭ് പന്തിന് ഗംഭീര തുടക്കം, 60 റൺസ് വിജയം
Mail This Article
ന്യൂയോർക്ക് ∙ 2 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ ഋഷഭ് പന്തിന് ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ല. പരുക്കിന്റെ തിരിച്ചടികൾക്ക് തന്റെ പ്രതിഭയെ തളർത്താനായില്ലെന്ന് ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ ഉജ്വലമായൊരു അർധ സെഞ്ചറിയിലൂടെ പന്ത് തെളിയിച്ചു (32 പന്തിൽ 53 റിട്ടയേഡ്). പന്ത് അടക്കമുള്ള ബാറ്റർമാരും പിന്നാലെ ബോളർമാരും ഫോം കണ്ടെത്തിയതോടെ ലോകകപ്പിനു മുൻപിനുള്ള ഏക സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് നിറഞ്ഞ സന്തോഷം. ഇന്ത്യൻ ടീം ബംഗ്ലദേശിനെ തോൽപിച്ചത് 60 റൺസിന്.
ആദ്യം ബാറ്റു ചെയ്ത് 182 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന് 122 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. സ്കോർ: ഇന്ത്യ– 20 ഓവറിൽ 5ന് 182. ബംഗ്ലദേശ്– 20 ഓവറിൽ 9ന് 122. വിരാട് കോലി ഇല്ലാതെയാണ് മത്സരത്തിൽ ഇന്ത്യയിറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ബാറ്റിങ്ങിൽ ഓപ്പണിങ്ങിനെത്തിയ മലയാളി താരം സഞ്ജു സാംസൺ 6 പന്തിൽ ഒരു റണ്ണുമായി പുറത്തായി നിരാശപ്പെടുത്തി. വൺഡൗണായി ക്രീസിലെത്തിയ പന്ത് രോഹിത്തിനൊപ്പം (23) രണ്ടാം വിക്കറ്റിൽ 29 പന്തിൽ 48 റൺസ് നേടിയാണ് തുടങ്ങിയത്.
മധ്യനിരയിലെ കരുത്തൻ സൂര്യകുമാർ യാദവും (18 പന്തിൽ 31) ഫോം കണ്ടെത്തിയതോടെ മധ്യ ഓവറുകളിൽ സ്കോർ കുതിച്ചു. 4 വീതം ഫോറും സിക്സും പറത്തിയ പന്ത് അർധ സെഞ്ചറിക്കു പിന്നാലെ റിട്ടയേഡ് ചെയ്തതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. ശിവം ദുബെ നിറം മങ്ങിയപ്പോൾ (16 പന്തിൽ 14) അവസാന ഓവറുകളിലെ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് (23 പന്തിൽ 40 നോട്ടൗട്ട്) ഇന്ത്യൻ സ്കോർ 182ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിന്റെ ആദ്യ ഓവർ മുതൽ ബംഗ്ലദേശിന്റെ തകർച്ച തുടങ്ങി. 2 ഓവറിനിടെ 2 വിക്കറ്റു വീഴ്ത്തിയ അർഷ്‌ദീപ് സിങ്ങും ഒരു വിക്കറ്റുമായി മുഹമ്മദ് സിറാജും തിളങ്ങിയതോടെ ബംഗ്ലദേശ് 10 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായി. ആ തകർച്ചയിൽ നിന്നു കരകയറാൻ ഇന്ത്യൻ ബോളർമാർ അവരെ അനുവദിച്ചതുമില്ല. 2 വിക്കറ്റ് നേടിയ ശിവം ദുബെ ബോളിങ്ങിൽ മികവ് തെളിയിച്ചു.