രോഹിത്, കോലി, സൂര്യകുമാർ എന്നിവർ ഒരു തരത്തിൽ ടീം ഇന്ത്യയെ ‘ദുർബലരാക്കുന്നു’: പഠാൻ
Mail This Article
ന്യൂഡൽഹി∙ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് തുടങ്ങിയ മുൻനിര ബാറ്റർമാർ ബോൾ ചെയ്യാത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് മുൻ താരം ഇർഫാൻ പഠാൻ. കൂടുതൽ ബോളിങ് ഓപ്ഷനുകൾ ഉള്ളത് ഏതൊരു ടീമിനെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണെന്ന് പഠാൻ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളിലെ ആദ്യ ഏഴു ബാറ്റർമാരിൽ ബോൾ ചെയ്യുന്നവർ കൂടുതലുണ്ട്. രോഹിത്, കോലി, സൂര്യകുമാർ എന്നിവർ ബോൾ ചെയ്യാത്തത് ഇന്ത്യൻ ടീമിനെ ഒരു തരത്തിൽ ദുർബലമാക്കുന്നുണ്ടെന്ന് പഠാൻ ചൂണ്ടിക്കാട്ടി.
‘‘ലോകകപ്പിന് തിരഞ്ഞെടുത്തിരിക്കുന്ന ടീമുകളെ വച്ച് രണ്ട് സാധ്യതകളാണുള്ളത്. ഒരു സാധ്യതയനുസരിച്ച്, അക്ഷർ പട്ടേൽ ഉൾപ്പെടെ ആറു ബോളർമാരെ കളിപ്പിക്കാം. അതുവഴി ബാറ്റിങ്ങിന്റെ ആഴം കൂട്ടാം. മറ്റൊരു സാധ്യത വച്ച്, നാലു മുൻനിര ബോളർമാരെ മാത്രം കളിപ്പിക്കുക. ഇവർക്കൊപ്പം ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നീ ഓൾറൗണ്ടർമാരുടെ ബോളിങ് മികവിനെക്കൂടി ആശ്രയിക്കുക.
‘‘നെറ്റ്സിൽ ബോൾ ചെയ്യുന്ന, മത്സരങ്ങളിൽ ഇതുവരെ ബോൾ ചെയ്തിട്ടില്ലാത്ത താരത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് മറ്റൊരു സാധ്യത. യശസ്വി ജയ്സ്വാൾ അത്തരമൊരു താരമാണ്. നെറ്റ്സിൽ സ്ഥിരമായി പന്തെറിയുന്നുണ്ടെന്നും ലോകകപ്പിൽ ഒന്നോ രണ്ടോ ഓവർ ബോൾ ചെയ്യാൻ തയാറാണെന്നും ശിവം ദുബെയും ഐപിഎലിനിടെ വെളിപ്പെടുത്തിയിരുന്നു.
‘‘ഹാർദിക് പാണ്ഡ്യയ്ക്ക് മൂന്നോ നാലോ ഓവർ എറിയാൻ സാധിക്കുമെങ്കിൽ പ്രശ്നം ഏറെക്കുറെ പരിഹരിച്ചു എന്നു പറയാം. നമ്മുടെ മൂന്നു പ്രധാന ബാറ്റർമാർ ബോൾ ചെയ്യാത്തത് ഒരു പ്രശ്നമാണ്. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ ബോൾ ചെയ്യാറില്ല. ഇത് ഒരു തരത്തിൽ നമ്മുടെ ടീമിനെ ദുർബലമാക്കുന്നുണ്ട്. ഇവരിൽ ഒരാളെങ്കിലും ബോൾ ചെയ്തിരുന്നെങ്കിൽ അത് ടീമിനു വലിയ മുൻതൂക്കം നൽകുമായിരുന്നു.
‘‘ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ നോക്കൂ. ആദ്യത്തെ ഏഴു താരങ്ങളിൽ ഇവർക്കെല്ലാം ഒട്ടേറെ ഓൾറൗണ്ടർമാരുണ്ട്. ഇംഗ്ലണ്ട് ടീമിൽ മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ, വിൽ ജാക്സ് തുടങ്ങിയവരുണ്ട്. ബോൾ ചെയ്യാൻ കൂടുതൽ താരങ്ങളുണ്ടായിരിക്കുക എന്നത് എപ്പോഴും അഭികാമ്യമാണ്. അത്തരത്തിൽ നോക്കിയാൽ നമ്മുടെ ടീം ദുർബലർ തന്നെയാണ്.’’ – പഠാൻ പറഞ്ഞു.