ADVERTISEMENT

ന്യൂയോർക്ക് ∙ ഒരുവശത്ത് അപ്രതീക്ഷിത ബൗൺസ്, മറുവശത്ത് ഒച്ചിഴയുന്ന പോലുള്ള ഔട്ട്ഫീൽഡ്, ഒപ്പം പേസ് ബോളർമാരെ സഹായിക്കുന്ന കാലാവസ്ഥയും–കളവും കളിയും എതിരായിരുന്നിട്ടും ജയിക്കാൻ ഉറപ്പിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ  അയർലൻഡിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയത്. 

  ടെസ്റ്റ് മത്സരങ്ങളെപ്പോലും ‘നാണിപ്പിക്കുന്ന’ പിച്ചും പേസ് ബോളർമാരുടെ സർവാധിപത്യവും കണ്ട ട്വന്റി20 ലോകകപ്പ് മത്സരത്തിൽ രോഹിത്തിന്റെ അർധ സെഞ്ചറിക്കരുത്തിൽ (37 പന്തിൽ 52) അയർലൻഡിനെ 8 വിക്കറ്റിന് തകർത്ത ഇന്ത്യ കുതിപ്പ് തുടങ്ങി. അപ്രതീക്ഷിത പേസും ബൗൺസുമായി ബാറ്റർമാരെ വെള്ളം കുടിപ്പിച്ച നാസോ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 16 ഓവറിൽ 96 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ കരുതലോടെ കളിച്ച ഇന്ത്യ 12.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. 9ന് പാക്കിസ്ഥാനെതിരെ ഇതേ ഗ്രൗണ്ടിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

pant-1
ഋഷഭ് പന്ത് ബാറ്റിങ്ങിനിടെ. Photo: X@BCCI

അടിച്ചെടുത്ത് ഇന്ത്യ

വിജയലക്ഷ്യം 100ൽ താഴെയായിരുന്നിട്ടും ഇന്ത്യയ്ക്കു കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സ്വിങ്ങും പേസുമായി അയർലൻഡ് ബോളർമാർ ഇന്ത്യൻ ഓപ്പണർമാരെ തുടക്കത്തിൽ ബുദ്ധിമുട്ടിലാക്കി. ഇതോടെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച വിരാട് കോലി (4 പന്തിൽ 1) മൂന്നാം ഓവറിലെ നാലാം പന്തിൽ പുറത്തായി. പിന്നാലെ വിക്കറ്റ് നഷ്ടപ്പെടാതെ പവർപ്ലേ അവസാനിപ്പിക്കുന്നതിലായി രോഹിത് ശർമയുടെയും ഋഷഭ് പന്തിന്റെയും (26 പന്തിൽ 36 നോട്ടൗട്ട്) ശ്രദ്ധ. 

india
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

  ആദ്യ 6 ഓവറിൽ ഒന്നിന് 39 എന്ന നിലയിലായിരുന്നു ഇന്ത്യ. പവർപ്ലേ അവസാനിച്ചതോടെ ഇരുവരും ആക്രമിച്ചു കളിക്കാൻ തുടങ്ങി. ഷോർട്ട് ബോളുകളെ തന്റെ ക്ലാസിക്കൽ പുൾ ഷോട്ടുകളിലൂടെ ബൗണ്ടറി കടത്തിയ രോഹിത് സ്കോർ ബോർഡ് അനായാസം മുന്നോട്ടുനീക്കി. എന്നാൽ സ്കോർ 76ൽ നിൽക്കെ രോഹിത് റിട്ടയേഡ് ഹർട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് (4 പന്തിൽ 2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയെ കൂട്ടുപിടിച്ച് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

ദയനീയം അയർലൻഡ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങിനെ (6 പന്തിൽ 2) നഷ്ടമായി. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. അവസാന പന്തിൽ ആൻഡ്രു ബാൽബിർണിയെയും (10 പന്തിൽ 5) മടക്കിയ അർഷ്ദീപ് അയർലൻഡിനെ പ്രതിരോധത്തിലാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 26 എന്ന നിലയിലായിരുന്നു ഐറിഷ് ടീം. ഏഴാം ഓവറിൽ ലോർകാൻ ടക്കറിനെ (13 പന്തിൽ 10) ഹാർ‌ദിക് പാണ്ഡ്യയും അടുത്ത ഓവറിൽ ഹാരി ടക്ടറിനെ (16 പന്തിൽ 4) ജസ്പ്രീത് ബുമ്രയും മടക്കിയതോടെ 4ന് 36 എന്ന നിലയിലേക്ക് അയർലൻഡ് വീണു. ഒരു ഘട്ടത്തിൽ 8ന് 50 എന്ന നിലയിൽ പതറിയ അയർലൻഡിനെ 96 റൺസിൽ എത്തിച്ചത് ഗാരെത് ഡെലനി (14 പന്തിൽ 26) നടത്തിയ ചെറുത്തുനിൽപാണ്. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ 4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയപ്പോൾ ബുമ്ര, അർഷ്ദീപ് എന്നിവർ 2 വിക്കറ്റ് വീതം നേടി.

പരുക്ക് ഗുരുതരമല്ല: രോഹിത് ശർമ 

മത്സരത്തിനിടെ റിട്ടയേഡ് ഹർട്ടായി മടങ്ങേണ്ടി വന്നെങ്കിലും തന്റെ പരുക്ക് ഗുരുതരമല്ലെന്ന് രോഹിത് ശർമ അറിയിച്ചു. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ എറിഞ്ഞ 9–ാം ഓവറിലെ രണ്ടാം പന്ത് വലതു തോളിൽ കൊണ്ടാണ് രോഹിത്തിന് പരുക്കേറ്റത്. എന്നാൽ ബാറ്റിങ് തുടർന്ന രോഹിത് അർധസെ‍ഞ്ചറി തികച്ച ശേഷമാണ് റിട്ടയേഡ് ഹർട്ടായി മടങ്ങിയത്.

SCORE CARD

ടോസ്: ഇന്ത്യ

‌പ്ലെയർ ഓഫ് ദ് മാച്ച്: 

ജസ്പ്രീത് ബുമ്ര

അയർലൻഡ്: 96 (16 ഓവർ)

ഗാരെത് ഡെലനി: 26 (14)

ജോഷ്വ ലിറ്റിൽ: 14 (13)

ഹാർദിക് പാണ്ഡ്യ: 3/27 (4)

ജസ്പ്രീത് ബുമ്ര: 2/6 (3)

ഇന്ത്യ: 2/97 (12.2 ഓവർ)

രോഹിത് ശർമ: 52 (37)

ഋഷഭ് പന്ത്: 36 (26)*

മാർക് അഡെയ്ർ: 1/27 (4)

ബെഞ്ചമിൻ വൈറ്റ്: 1/6 (1)

English Summary:

India win against Ireland in T20 World Cup cricket match

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com