ന്യൂസീലൻഡിനെ 84 റൺസിനു തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; ട്വന്റി20 ലോകകപ്പിൽ വീണ്ടും അട്ടിമറിഗാഥ!
Mail This Article
ഗയാന∙ ട്വന്റി20 ലോകകപ്പിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. ന്യൂസീലൻഡിനെ 84 റൺസിനു തോൽപ്പിച്ച് അഫ്ഗാനിസ്ഥാനാണ് ലോകകപ്പിൽ വീണ്ടും അട്ടിമറി നടത്തിയത്. കഴിഞ്ഞദിവസം പാക്കിസ്ഥാനെ യുഎസ്എ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ കുറിച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 75 റൺസിന് ഓൾഔട്ടാകുകായിരുന്നു.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖി, ക്യാപ്റ്റൻ റാഷിദ് ഖാൻ എന്നിവരുടെ കിടിലൻ ബോളിങ്ങാണ് അഫ്ഗാനിസ്ഥാനു മികച്ച വിജയം നൽകിയത്. മറുപടി ബാറ്റിങ്ങിൽ രണ്ടു ബാറ്റർമാർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 18), മാറ്റ് ഹെൻറി (17 പന്തിൽ 12) എന്നിവർ. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ (പൂജ്യം) ന്യൂസിലൻഡിനു നഷ്ടമായി. പിന്നീടെത്തിയ ആർക്കും നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ന്യൂസീലൻഡ് തകർന്നടിയുകയായിരുന്നു. 15.2 ഓവറിൽ അവരുടെ ബാറ്റിങ് അവസാനിച്ചു.
നേരത്തെ, ടോസ് നേടിയ ന്യൂസീലൻഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസ് (56 പന്തിൽ 80), ഇബ്രാഹിം സദ്രാൻ (41 പന്തിൽ 44) എന്നിവരുടെ സെഞ്ചറി കൂട്ടുകെട്ടിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ 159 റൺസെടുത്തത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസെടുത്തു. 15–ാം ഓവറിലാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത്. പിന്നീടെത്തിയ അസ്മത്തുള്ള ഒമർസായി 22 റൺസെടുത്തെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണതോടെ അവർ 159 റൺസിൽ ഒതുങ്ങുകയായിരുന്നു. ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി എന്നിവർ രണ്ടു വിക്കറ്റ് വീതവും ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റും വീഴ്ത്തി.