ഇംഗ്ലണ്ടിനെ 36 റൺസിന് തകർത്ത് ഓസ്ട്രേലിയ; ഈ ലോകകപ്പിൽ 200 പിന്നിടുന്ന ആദ്യ ടീം, വിജയശിൽപിയായി ആദം സാംപ

Mail This Article
ബ്രിജ്ടൗൺ (ബാർബഡോസ്) ∙ ബാറ്റിങ്ങിലും ബോളിങ്ങിലും ടോപ് ക്ലാസ് പ്രകടനത്തോടെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയം. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 7ന് 201. ഇംഗ്ലണ്ട്– 20 ഓവറിൽ 6ന് 165.
ടോപ് ഓർഡർ ബാറ്റർമാരുടെ മികച്ച ബാറ്റിങ്ങാണ് ഓസീസിനെ ഈ ലോകകപ്പിൽ 200 പിന്നിടുന്ന ആദ്യ ടീമാക്കി മാറ്റിയത്. ഓപ്പണർ ഡേവിഡ് വാർണറാണ് (16 പന്തിൽ 39) ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (18 പന്തിൽ 34), മിച്ചൽ മാർഷ് (25 പന്തിൽ 35), ഗ്ലെൻ മാക്സ്‌വെൽ (25 പന്തിൽ 28), മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 30) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും (23 പന്തിൽ 37) ജോസ് ബട്‌ലറും (28 പന്തിൽ 42) മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരെയും പുറത്താക്കിയ ലെഗ് സ്പിന്നർ ആദം സാംപ ഇംഗ്ലണ്ടിനെ പിടിച്ചു നിർത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നെങ്കിലും വാർണറും ഹെഡും ചേർന്ന് തകർപ്പൻ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. 30 പന്തിൽ 70 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അടുത്തടുത്ത ഓവറുകളിൽ ഓസീസ് ഓപ്പണർമാർ പുറത്തായതോടെ ഇംഗ്ലണ്ടിനു കളിയിൽ തിരിച്ചുവരാൻ അവസരം കിട്ടിയെങ്കിലും മാർഷും മാക്‌സ്‌വെലും അതിനനുവദിച്ചില്ല. 14–ാം ഓവറിൽ മാർഷും അടുത്ത ഓവറിൽ മാക്സ്‌വെലും പുറത്തായതിനു ശേഷം സ്റ്റോയ്നിസ് (17 പന്തിൽ 30) അവസാന വെടിക്കെട്ട് തീർത്തു.