ADVERTISEMENT

ന്യൂയോർക്ക്∙ ജയിക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ, അതിനായി അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് ടീം ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ആവേശം അവസാന ഓവറിലേക്കൊഴുകിയ സൂപ്പർ ത്രില്ലറിൽ പാക്കിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് 6 റൺസിന്റെ ഉജ്വല വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ 19 ഓവറിൽ 119 റൺസിനു പുറത്താക്കിയ പാക്കിസ്ഥാൻ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ, ബോളർമാരുടെ കരുത്തിൽ തിരിച്ചടിച്ച ഇന്ത്യ, പാക്കിസ്ഥാനെ 20 ഓവറിൽ 7ന് 113 എന്ന സ്കോറിൽ തളച്ച് 6 റൺസിന്റെ ആവേശജയം പിടിച്ചെടുത്തു. ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതെത്തി. തോൽവിയോടെ ടൂർണമെന്റിൽ പാക്കിസ്ഥാന്റെ ഭാവി പരുങ്ങലിലായി.

അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു പാക്കിസ്ഥാന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ ഇമാദ് വസീമിനെ (23 പന്തിൽ 15) പുറത്താക്കിയ അർഷ്ദീപ് അടുത്ത രണ്ടു പന്തുകളിലും വഴങ്ങിയത് ഓരോ റൺ വീതം. അവസാന 3 പന്തുകളിൽ ജയിക്കാൻ 16 റൺസ്. നാലാം പന്തിലും അഞ്ചാം പന്തിലും ബൗണ്ടറി നേടിയ നസീം ഷായ്ക്ക് (4 പന്തിൽ 10 നോട്ടൗട്ട്) അവസാന പന്തിൽ നേടാനായത് ഒരു റൺ മാത്രം. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

പതറി പാക്കിസ്ഥാൻ

120 റൺസ് വിജയലക്ഷ്യവുമായി പാക്കിസ്ഥാൻ കരുതലോടെയാണ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ പവർപ്ലേ അവസാനിപ്പിക്കാനായിരുന്നു ഓപ്പണർമാരായ ബാബർ അസമിന്റെയും (10 പന്തിൽ 13) മുഹമ്മദ് റിസ്‌വാന്റെയും (44 പന്തിൽ 31) ശ്രമം. എന്നാൽ അഞ്ചാം ഓവറിലെ നാലാം പന്തിൽ ബാബറിനെ മടക്കിയ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. രണ്ടാം വിക്കറ്റിൽ ഉസ്മാൻ ഖാനെ ( 15 പന്തിൽ 13) കൂട്ടുപിടിച്ച് റിസ്‌വാൻ സ്കോറിങ് മുന്നോട്ടുനീക്കി. ഉസ്മാനെ അക്ഷർ പട്ടേലും ഫഖർ സമാനെ ( 8 പന്തിൽ 13) ഹാർദിക് പാണ്ഡ്യയും പുറത്താക്കിയതോടെ കളി മാറി.

രണ്ടാം സ്പെല്ലിനെത്തിയ ബുമ്രയുടെ പന്തിൽ റിസ്‌വാൻ ക്ലീൻബോൾഡായതോടെ 4ന് 80 എന്ന നിലയിലായി പാക്കിസ്ഥാൻ. അവസാന 6 ഓവറുകളിൽ ഇന്ത്യൻ ബോളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ പാക്കിസ്ഥാന്റെ സ്കോറിങ് ഇഴഞ്ഞു. 14 മുതൽ 19 വരെയുള്ള ഓവറുകളിൽ ഒരു ബൗണ്ടറി പോലും ഇന്ത്യൻ ബോളർമാർ വഴങ്ങിയില്ല. ഇതോടെയാണ് അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 18 ആയത്.

rohit-sharma-pak-1248
ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങിനിടെ. Photo: X@BCCI

പൊരുതി ഇന്ത്യ

മഴമൂലം 50 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. ഇരുണ്ടുമൂടിയ അന്തരീക്ഷം കണക്കിലെടുത്ത്, ടോസ് നേടിയ പാക്ക് ക്യാപ്റ്റൻ ബാബർ അസം ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഷഹീൻ അഫ്രീദിയെ ഫ്ലിക് ഷോട്ടിലൂടെ സിക്സറിനു പറത്തിയ രോഹിത് ശർമ (12 പന്തിൽ 13) ഗാലറികളെ ആവേശത്തിലാക്കി. അടുത്ത ഓവറിൽ നസീം ഷായെ ക്ലാസിക്കൽ കവർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്കു പായിച്ച വിരാട് കോലിയും (3 പന്തിൽ 4) രോഹിത്തിനൊപ്പം കൂടിയതോടെ ഇന്ത്യൻ ആരാധകർ ആരവം മുഴക്കിത്തുടങ്ങി.

എന്നാൽ, ഓവറിലെ നാലാം പന്തിൽ കോലിയെ പുറത്താക്കിയ നസീം ഷാ ഇന്ത്യയെ ഞെട്ടിച്ചു. അടുത്ത ഓവറിൽ ഷഹീനെ ഫ്ലിക് ചെയ്യാനുള്ള ശ്രമം രോഹിത്തിന്റെ വിക്കറ്റിൽ കലാശിച്ചതോടെ ഇന്ത്യ 2ന് 19 എന്ന നിലയിലേക്കു വീണു.  കൂട്ടത്തകർച്ച പേടിച്ച ഇന്ത്യയെ മൂന്നാം വിക്കറ്റിലെ ഋഷഭ് പന്ത് (31 പന്തിൽ 42) – അക്ഷർ പട്ടേൽ (18 പന്തിൽ 20) കൂട്ടുകെട്ടാണ്   രക്ഷിച്ചത്. എന്നാൽ കൃത്യതയോടെ പന്തെറിഞ്ഞ പാക്ക് പേസർമാർ ഇന്ത്യൻ സ്കോർ 119ൽ ഒതുക്കി. 

അന്ന് കോലി, ഇന്ന് ബുമ്ര‌; കളി തിരിച്ചത് ജസ്പ്രീത് ബുമ്രയുടെ 2 ഓവറുകൾ

ന്യൂയോർക്ക് ∙ ഇന്ത്യൻ ബോളിങ്ങിലെ 15–ാം ഓവറിൽ ജസ്പ്രീത് ബുമ്ര പന്തെറിയാനെത്തുമ്പോൾ 36 പന്തിൽ വെറും 40 റൺസായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. 3 വിക്കറ്റ് നഷ്ടമായെങ്കിലും ആത്മവിശ്വാസം ഇരട്ടിപ്പിച്ച് മുഹമ്മദ് റിസ്‌വാൻ (43 പന്തിൽ 31) ക്രീസിലുണ്ടായിരുന്നു. ലോകകപ്പ് ബ്രോഡ്കാസ്റ്റർമാരുടെ കണക്ക് അനുസരിച്ച് അപ്പോൾ 8 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ വിജയസാധ്യത. പക്ഷേ ബാറ്ററുട‌െ കണക്കൂട്ടലുകൾ തെറ്റിച്ച് പറന്ന ഒരു ഇൻസ്വിങ്ങിറിലൂട‌െ ബുമ്ര ആദ്യം റിസ്‌വാന്റെ വിക്കറ്റ് വീഴ്ത്തി. തുടർന്നുള്ള 5 പന്തുകളിൽ വിട്ടുനിൽ‌കിയത് 3 റൺസ് മാത്രം. അനായാസ ജയം പ്രതീക്ഷിച്ചുനിന്ന പാക്കിസ്ഥാൻ വിറച്ചു തുടങ്ങിയതും  ഇന്ത്യ വിജയമോഹങ്ങളിലേക്കു തിരിച്ചെത്തിയതും ആ ഓവറിനുശേഷമാണ്. 

2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ വിസ്മയ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു നാടകീയ ജയം സമ്മാനിച്ച വിരാട് കോലിയുട‌െ പ്രക‌ടനത്തോട‌ാണ് ഇന്നലത്തെ ബുമ്രയുടെ ബോളിങ്ങിനെയും ആരാധകർ താരതമ്യം ചെയ്യുന്നത്. അന്ന് 15 ശതമാനം മാത്രം വിജയസാധ്യതയുണ്ടായിരുന്ന ടീമിനെയാണ് കോലി ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചത്. 

15–ാം ഓവറിൽ 3 റൺസ് മാത്രം വിട്ടുനിൽകിയ ബുമ്രയെ 19–ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പന്തേൽപിച്ചു. 2 ഓവറിൽ 21 റൺസായിരുന്നു അപ്പോൾ പാക്കിസ്ഥാന്റെ ലക്ഷ്യം. 3 റൺസ് മാത്രം വഴങ്ങി വീണ്ട‌ും ബുമ്ര പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. അതോടെ ഒരോവറിൽ 18 എന്ന നിലയിലേക്ക് മത്സരം മുറുകി. ഇത്  അവസാന ഓവറിൽ അർഷ്‌ദീപ് സിങ്ങിന്റെ ജോലി എളുപ്പമായി. 4 ഓവറിലായി 15 ഡോട്ബോളുകളാണ് ബുമ്ര ഇന്നലെ എറിഞ്ഞത്.  

English Summary:

India vs Pakistan match in Twenty20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com