സ്റ്റേഡിയം നിറഞ്ഞ് കാണികൾ; അലതല്ലി ആവേശം അകത്തും പുറത്തും
Mail This Article
ന്യൂയോർക്ക് ∙ മഴഭീഷണിക്കിടയിലും ഇന്ത്യ– പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരം കാണാൻ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി ക്രിക്കറ്റ് ആരാധകർ. 34000 സീറ്റുകൾ മാത്രമുള്ള സ്റ്റേഡിയത്തിൽ കടക്കാൻ ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിനു പുറത്തു തമ്പടിച്ചു.
ഇതോടെ സ്റ്റേഡിയത്തിനു പുറത്തുള്ള പാർക്കിൽ പ്രത്യേക സ്ക്രീൻ സജ്ജമാക്കേണ്ടി വന്നു. ഇതിനു പുറമേ, ന്യൂയോർക്കിലെ സിറ്റി ഫീൽഡ് ബേസ്ബോൾ സ്റ്റേഡിയത്തിൽ ഉൾപ്പെടെ വാച്ച് പാർട്ടി എന്ന പേരിൽ ആരാധകർക്കായി പ്രത്യേക സ്ക്രീൻ തയാറാക്കിയിരുന്നു. സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ മുഴുവൻ ദിവസങ്ങൾക്കു മുൻപേ വിറ്റു തീർന്നതോടെ കഴിഞ്ഞ ദിവസം സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് അധിക ടിക്കറ്റുകൾ വിൽപനയ്ക്കെത്തിച്ചിരുന്നു.
300 ഡോളർ (ഏതാണ്ട് 25000 രൂപ) മുതലായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ ഈ ടിക്കറ്റുകളും നിമിഷനേരം കൊണ്ടു വിറ്റുതീർന്നു. സ്റ്റേഡിയത്തിൽ എത്തിയവരിൽ 90 ശതമാനത്തോളവും ഇന്ത്യൻ ആരാധകരായിരുന്നു.