തോൽവിക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാൻ യുവതാരം, ആശ്വസിപ്പിച്ച് രോഹിത് ശർമ

Mail This Article
ന്യൂയോര്‍ക്ക്∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയോട് ആറു റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാൻ യുവതാരം നസീംഷാ. 120 റണ്‍സെന്ന ചെറിയ സ്കോറായിരുന്നിട്ടും, പിന്തുടർന്നു ജയിക്കാൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. ആറു റൺസിന്റെ തോൽവി പാക്കിസ്ഥാൻ ഏറ്റുവാങ്ങുമ്പോൾ നസീംഷായും ഷഹീൻ ഷാ അഫ്രിദിയുമായിരുന്നു ക്രീസിൽ. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാൻ മാത്രമാണു പാക്കിസ്ഥാനു സാധിച്ചത്.
നാലു പന്തുകൾ നേരിട്ട നസീംഷാ 10 റൺസെടുത്തിരുന്നു. രണ്ടു ബൗണ്ടറികൾ നേടിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാൻ താരത്തിനു സാധിച്ചിരുന്നില്ല. ഇതോടെയാണ് സങ്കടം നിയന്ത്രിക്കാനാകാതെ നസീംഷാ ഗ്രൗണ്ടിൽവച്ചു കരഞ്ഞത്. സഹതാരങ്ങൾ ഏറെ ബുദ്ധിമുട്ടിയാണു താരത്തെ ആശ്വസിപ്പിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നസീംഷായെ ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ 119 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ആറു റൺസ് വിജയം. ബോളിങ്ങിലും തിളങ്ങിയ നസിംഷാ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും ബാറ്റർമാർ പരാജയപ്പെട്ടതാണു തിരിച്ചടിയായതെന്ന് പാക്ക് ക്യാപ്റ്റൻ ബാബർ അസം മത്സരത്തിനു ശേഷം പ്രതികരിച്ചു. ബാറ്റർമാര്‍ കുറേയേറെ ബോളുകൾ പാഴാക്കിയെന്നാണ് ബാബറിന്റെ നിലപാട്. ‘‘ഞങ്ങൾ നന്നായി പന്തെറിഞ്ഞു. എന്നാൽ ബാറ്റിങ്ങിൽ തുടര്‍ച്ചയായി വിക്കറ്റുകൾ നഷ്ടമായി. കുറേയേറെ ഡോട്ട് ബോളുകളും വഴങ്ങി. സാധാരണപോലെ കളിച്ചാൽ തന്നെ മതിയായിരുന്നു. ഇനിയുള്ള രണ്ടുകളികളും ജയിക്കേണ്ടതുണ്ട്.’’– ബാബര്‍ അസം പ്രതികരിച്ചു.