ADVERTISEMENT

അട്ടിമറി വിജയങ്ങളും ലാസ്റ്റ് ഓവർ ത്രില്ലറുകളും പതിവായ ട്വന്റി20 ലോകകപ്പ് 9–ാം എഡിഷൻ ആദ്യ പകുതി പിന്നിടുമ്പോൾ വമ്പൻ ടീമുകളായ ഇംഗ്ലണ്ടും ന്യൂസീലൻഡും പാക്കിസ്ഥാനും സൂപ്പർ 8 സാധ്യത നിലനിർത്താനുള്ള പോരാട്ടത്തിലാണ്. ഡി ഗ്രൂപ്പിലെ ആദ്യ 3 മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക മാത്രമാണ് സൂപ്പർ 8ൽ ഇടം ഉറപ്പിച്ച ഏക ടീം. ബി ഗ്രൂപ്പിൽ 3 തോൽവികളുമായി ഒമാൻ ടൂർണമെന്റിൽനിന്നു പുറത്താവുകയും ചെയ്തു. ടൂർണമെന്റിൽ ബാക്കിയുള്ള ടീമുകളുടെ സൂപ്പർ 8 സാധ്യത ഇങ്ങനെ.

ഗ്രൂപ്പ് എ

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് 4 പോയിന്റ് വീതമുള്ള ഇന്ത്യയും യുഎസ്എയുമാണ് ഗ്രൂപ്പ് എയി‍ൽ നിന്ന് ഏറക്കുറെ സൂപ്പർ 8 ഉറപ്പിച്ച ടീമുകൾ. ഒരു മത്സരം കൂടി ജയിച്ചാൽ ഇരു ടീമുകളും സൂപ്പർ 8ലേക്ക് യോഗ്യത നേടും. ഇനി അടുത്ത രണ്ടു മത്സരങ്ങളും തോൽക്കുകയോ മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലും ഇരു ടീമുകൾക്കും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ സൂപ്പർ 8 സാധ്യതയുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള പാക്കിസ്ഥാനും കാനഡയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. അടുത്ത മത്സരം വൻ മാർജിനിൽ ജയിച്ചാലേ ഇരു ടീമുകൾക്കും സൂപ്പർ 8 സാധ്യതയുള്ളൂ. ആദ്യ 2 മത്സരങ്ങളും തോറ്റ് അഞ്ചാമതുള്ള അയർലൻഡിനും ബാക്കി രണ്ടു മത്സരങ്ങൾ വൻ മാർജിനിൽ ജയിച്ചാൽ സൂപ്പർ 8ൽ പ്രതീക്ഷ വയ്ക്കാം. ജയത്തോടൊപ്പം  നെറ്റ് റൺറേറ്റ് കൂടി പരിഗണിച്ചാകും മൂന്നു ടീമുകളുടെയും സൂപ്പർ 8 സാധ്യത തീരുമാനിക്കപ്പെടുക. 

A-article

ഗ്രൂപ്പ് ബി

ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയോടു തോൽക്കുകയും ചെയ്ത ഇംഗ്ലണ്ട് പുറത്താകലിന്റെ വക്കിലാണ്. നിലവിൽ 5 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത് സ്കോ‌ട്‌ലൻ‌‍‍ഡാണ്. അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപിച്ചാൽ സ്കോട്‌ലൻഡിനു സൂപ്പർ 8ൽ കടക്കാം. ഇനി തോറ്റാലും മറ്റു ടീമുകളുടെ മത്സരഫലത്തെ അടിസ്ഥാനപ്പെടുത്തി സ്കോട്‌ലൻ‌ഡിന് സാധ്യതയുണ്ട്. 2 മത്സരങ്ങളിൽ‌ നിന്ന് 4 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ ഒരെണ്ണം ജയിച്ചാൽ സൂപ്പർ 8ൽ കടക്കാം. 2 മത്സരങ്ങളിൽ നിന്ന് ഒരു ജയമുള്ള നമീബിയയാണ് മൂന്നാമത്. ബാക്കിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാലേ നമീബിയയ്ക്ക് സാധ്യതയുള്ളു. അടുത്ത 2 മത്സരങ്ങളും ജയിച്ചാലും നെറ്റ് റൺറേറ്റിൽ‌ സ്കോട്‌ലൻഡിനെ മറികടന്നാലേ അവർക്കു സൂപ്പർ 8 സാധ്യതയുള്ളൂ. 3 മത്സരങ്ങളും തോറ്റ ഒമാൻ ഇതിനോടകം പുറത്തായി.

B-article

ഗ്രൂപ്പ് സി

ആദ്യ 2 മത്സരങ്ങൾ ജയിച്ച അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ് ടീമുകളാണ് ഗ്രൂപ്പ് സിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളി‍ൽ. ഓരോ മത്സരം വീതം ജയിച്ചാൽ ഇരുടീമുകളും സൂപ്പർ 8 ഉറപ്പിക്കും. അഫ്ഗാനിസ്ഥാനോടേറ്റ അപ്രതീക്ഷിത തോൽവിയോടെ അഞ്ചാം സ്ഥാനത്തായ ന്യൂസീലൻഡിന് അടുത്ത 3 മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ സാധ്യതയുള്ളൂ. ഒരു മത്സരംകൂടി തോറ്റാൽ അവർ പുറത്താകുമെന്ന അവസ്ഥയാണ്. 3 മത്സരങ്ങളിൽ നിന്ന് ഒരു ജയമുള്ള യുഗാണ്ടയ്ക്കും രണ്ടു മത്സരവും തോറ്റ പാപുവ ന്യൂഗിനിക്കും ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും അഫ്ഗാൻ, വെസ്റ്റിൻഡീസ് ടീമുകൾ ബാക്കിയുള്ള മത്സരങ്ങൾ തോറ്റാൽ മാത്രമേ സൂപ്പർ 8ലേക്ക് വിദൂരസാധ്യതയെങ്കിലുമുള്ളൂ.

C-article

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡിയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് 3 ജയവുമായി സൂപ്പർ 8 ഉറപ്പിക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. 2 മത്സരങ്ങളിൽനിന്ന് 2 വീതം പോയിന്റുള്ള ബംഗ്ലദേശും നെതർലൻഡ്സുമാണ് സൂപ്പർ 8 സാധ്യതയ്ക്കായി മത്സരിക്കുന്ന മറ്റു ടീമുകൾ. നാളെ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ വിജയികൾ ഏറക്കുറെ സൂപ്പർ 8 ഉറപ്പിക്കും. ആദ്യ 2 മത്സരങ്ങളും തോറ്റ ശ്രീലങ്ക ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. അടുത്ത 2 മത്സരങ്ങളും ജയിച്ചാലും ബംഗ്ലദേശ്, നെതർലൻഡ്സ് ടീമുകളുടെ ബാക്കിയുള്ള മത്സരഫലവും നെറ്റ് റൺറേറ്റും പരിഗണിച്ചാകും ശ്രീലങ്കയുടെ സൂപ്പർ 8 സാധ്യത. ആദ്യ മത്സരം തോറ്റ നേപ്പാൾ നിലവിൽ നാലാം സ്ഥാനത്താണ്. അടുത്ത 3 മത്സരങ്ങളും ജയിച്ചാൽ നേപ്പാളിനും സൂപ്പർ 8 പ്രതീക്ഷ വയ്ക്കാം.

D-article
English Summary:

Pakistan, NewZealand, England super 8 chances in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com