രണ്ട് ഇന്ത്യൻ താരങ്ങൾ ടീം ക്യാംപ് വിട്ട് നാട്ടിലേക്കു മടങ്ങും, റിങ്കുവും ഖലീലും തുടരും

Mail This Article
ഫ്ലോറിഡ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ്ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയാകുന്നതിനു പിന്നാലെ രണ്ട് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു മടങ്ങും. 15 അംഗ ടീമിനോടൊപ്പം ട്രാവലിങ് റിസർവായി യുഎസിലേക്കുപോയ ഓപ്പണർ ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവരാണ് ഇന്ത്യയിലേക്കു തിരിക്കുക. അതേസമയം റിസർവ് താരങ്ങളായ റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവര്‍ ടീമിനൊപ്പം തുടരും. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയ്ക്കെതിരെയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. ഈ മത്സരത്തിനു ശേഷമാണു ഗില്ലും ആവേശ് ഖാനും ഇന്ത്യയിലേക്കു മടങ്ങുക.
താരങ്ങളിൽ ആർക്കെങ്കിലും പരുക്കേറ്റാൽ പകരക്കാരായി ഉപയോഗിക്കാനാണു ടീമുകൾ റിസർവ് താരങ്ങളെകൂടെ കൊണ്ടുപോകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ്എ ടീമുകളെ തോൽപിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ കടന്നിരുന്നു. കാനഡയ്ക്കെതിരായ മത്സരത്തിൽ പ്രധാന താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. അങ്ങനെയാണെങ്കിൽ സഞ്ജു സാംസൺ ഉള്‍പ്പടെയുള്ള താരങ്ങൾക്കു പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ട്വന്റി20 ലോകകപ്പ് സൂപ്പർ 8 ലേക്കു കടക്കുമ്പോൾ യുസ്‍വേന്ദ്ര ചെഹൽ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് പറഞ്ഞു. വെസ്റ്റിൻഡീസ് പിച്ചുകളിലാണ് ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ നടക്കേണ്ടത്. ‘‘ചെഹൽ ടീമിലെത്തും. അവിടത്തെ സാഹചര്യങ്ങൾ രാഹുൽ ഭായ്ക്ക് (രാഹുൽ ദ്രാവിഡ്) നന്നായി അറിയാം. അതുകൊണ്ടാണ് ടീമിൽ നാലു സ്പിന്നർമാരെ ഉൾപ്പെടുത്തിയത്. നാലു സ്പിന്നർമാരെ എന്തിനാണു ടീമിലെടുത്തതെന്നു വെളിപ്പെടുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയാറായിട്ടില്ല.’’– ശ്രീശാന്ത് വാർത്താ ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു.
പേസർമാരെ പിന്തുണയ്ക്കുന്ന യുഎസിലെ നാസ കൗണ്ടി സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മൂന്നു മത്സരങ്ങളും നടന്നത്. ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും തിളങ്ങിയ മത്സരത്തിൽ സ്പിന്നർമാർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുഎസിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തിൽ മൂന്നോവർ മാത്രമാണ് ഇന്ത്യൻ സ്പിന്നർമാർക്കു പന്തു ലഭിച്ചത്.