വിൻഡീസ് പിച്ചുകളിൽ സ്പിന്നർമാർക്കു മേൽക്കൈ, സൂപ്പർ 8 ൽ അഫ്ഗാനിസ്ഥാനെ കുറച്ചുകാണരുത്

Mail This Article
വളരെ ദുഷ്കരമായ ബാറ്റിങ് പിച്ചിലായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം. അവിടെനിന്നു ബാറ്റർമാർക്ക് ആനുകൂല്യമുള്ള പിച്ചുകളിലേക്ക് സൂപ്പർ 8 മത്സരങ്ങൾ കളിക്കാനെത്തുന്നത് ഇന്ത്യയ്ക്കു ഗുണകരമാണ്. വെസ്റ്റിൻഡീസിലെ പിച്ചുകളിൽ സ്പിന്നർമാർക്കു മേൽക്കൈ ലഭിക്കുന്നത് നമ്മൾ കണ്ടതാണ്. ഇതോടെ ടീമിൽ ഒരു എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കാൻ ഇന്ത്യ തയാറായേക്കും.
അങ്ങനെ വന്നാൽ കുൽദീപ് യാദവിനു തന്നെയാണ് മുൻതൂക്കം. ബാറ്റിങ്ങിൽ മുൻനിര താരങ്ങളുടെ ഫോമിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. സൂപ്പർ 8ന്റെ തുടക്കത്തിൽ തന്നെ അവർക്കു റൺസ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ തുടർന്നങ്ങോട്ടുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്കു മേൽ സമ്മർദം കൂടും. അഫ്ഗാനിസ്ഥാനെ കുറച്ചുകാണാൻ സാധിക്കില്ല. ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്താൻ പറ്റുന്ന ടീമാണ് അഫ്ഗാൻ.
സ്പിന്നർമാരുടെ ധാരാളിത്തമുള്ള ടീമായാണ് അവർ അറിയപ്പെടുന്നത്. എന്നാൽ, ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ പേസർ ഫസൽഹഖ് ഫറൂഖിയുടെ കരുത്തിലാണ് അഫ്ഗാൻ മത്സരങ്ങൾ ജയിച്ചത്. ബാറ്റിങ്ങിൽ റഹ്മാനുല്ല ഗുർബാസ്– ഇബ്രാഹിം സദ്രാൻ ഓപ്പണിങ് ജോടിയും ഇന്ത്യയ്ക്കു വെല്ലുവിളിയാകും.